നിലവിലെ ഭരണകൂടത്തിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലാണെന്ന് ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. അവശ്യവസ്തുക്കൾ കരുതിവെച്ച് വീടുകളിൽ തുടരാനും രാജ്യവ്യാപകമായി സമരം തുടരാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സൈന്യം ജനങ്ങൾക്കൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടെഹ്റാൻ: ഇസ്രയേൽ- യുഎസ്- ഇറാൻ സംഘർഷം തുടരവേ ജനങ്ങൾക്ക് നിർദേശങ്ങളുമായി ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. ജനങ്ങളോട് അവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു, നിലവിലെ ഭരണകൂടത്തിനെതിരായ അന്തിമ പോരാട്ടത്തിന്റെ ഏറ്റവും നിർണായക ഘട്ടമാണിതെന്ന് റെസ പഹ്‌ലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എത്രയും വേഗം അവശ്യവസ്തുക്കൾ കരുതിവെയ്ക്കണമെന്ന് പഹ്‌ലവി ഇറാനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യം നിർണായകമായ രാഷ്ട്രീയ പോരാട്ട ഘട്ടത്തിലാണെന്നും പൗരന്മാർ രാജ്യവ്യാപകമായി സമരം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പൗരന്മാരോടൊപ്പം ചേരാൻ പഹ്‌ലവി ഇറാനിലെ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഇറാനിലെ ജനങ്ങൾ തന്‍റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കണമെന്നും റെസ പഹ്‌ലവി വീഡിയോയിൽ പറയുന്നു.
റെസ പഹ്‌ലവിയുടെ സന്ദേശം
"നമ്മൾ ഇപ്പോൾ അന്തിമ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണ്. സുരക്ഷയ്ക്കായി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരുക. ജോലിക്ക് പോകാതെ സമരം തുടരുക. നിങ്ങളുടെ ഐക്യം പ്രകടിപ്പിക്കാൻ, മുദ്രാവാക്യം വിളി പൂർണ്ണ ശക്തിയോടെ തുടരുക"- എന്നാണ് മുൻ കിരീടാവകാശി പറഞ്ഞത്. അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്ന് വേർപെട്ട് ജനങ്ങളോടൊപ്പം ചേരാനുള്ള അവസാന അവസരമാണ് ഇതെന്നാണ് സൈന്യത്തോടുള്ള റെസ പഹ്‍ലവിയുടെ ആഹ്വാനം.
അതേസമയം ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിൽ പഹ്‌ലവിയുടെ സംഭാവന എന്തെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നു. ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ചിലർ അദ്ദേഹത്തിന്റെ സന്ദേശത്തെ പൊള്ളയെന്ന് വിളിച്ചു. ഇറാന് പുറത്ത് ഇരുന്ന് രാഷ്ട്രീയ പോരാട്ടത്തിൽ പങ്കുചേരാത്തതിന് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. ഇറാനിലെ ജനങ്ങൾക്കായി ഇന്‍റർനെറ്റ് ലഭ്യമാക്കാനോ അവരെ സാമ്പത്തികമായി സഹായിക്കാനോ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും പെഹ്ലവിക്ക് നേരെ ചോദ്യം ഉയർന്നു. അതേസമയം റെസ പെഹ്ലവിയുടെ ആഹ്വാനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന കമന്‍റുകളും കാണാം.
ആരാണ് റെസ പഹ്‌ലവി?
റെസ പഹ്‌ലവിയെന്ന ഇറാനിലെ മുൻ കിരീടാവകാശി, ഇപ്പോൾ പ്രവാസിയായി ജീവിക്കുന്നു. ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. 1960 ഒക്ടോബർ 31 ന് ഇറാനിലെ ടെഹ്‌റാനിൽ ജനിച്ചു. 1967 ൽ പിതാവിന്റെ കിരീടധാരണ സമയത്ത് അദ്ദേഹത്തെ ഔദ്യോഗികമായി കിരീടാവകാശിയായി നാമകരണം ചെയ്തു. 1978 ൽ ടെക്സസിലെ റീസ് എയർഫോഴ്സ് ബേസിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ യുദ്ധവിമാനം പറത്തൽ പരിശീലനത്തിനായി പോയി. പിതാവിന് അധികാരം നഷ്ടമായതോടെ റെസ പെഹ്‍ലവി യുഎസിലായി താമസം. പ്രവാസ ജീവിതത്തിനിടെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്‍റെ മോചനത്തിനുള്ള സമയമായെന്നും ട്രംപിന് നന്ദിയെന്നും റെസ പഹ്‌ലവി പ്രതികരിച്ചിരുന്നു.


