
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ, രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരത്തിന് കരുത്തേകുന്നതിനും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുമായി അമേരിക്കയോട് 1,000 കോടി ഡോളറിന്റെ (10 ബില്യൺ യുഎസ് ഡോളർ) അടിയന്തര എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ സഹായം ആവശ്യപ്പെട്ടു. ഇറാൻ യുദ്ധത്തിൽ മധ്യസ്ഥത വഹിച്ചതിലൂടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്ഥാൻ ഈ നീക്കം നടത്തിയിരിക്കുന്നത്.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റിന് അയച്ച അപേക്ഷയിൽ, അഞ്ച് വർഷത്തെ കാലാവധിയുള്ള ഉഭയകക്ഷി ധനസഹായ പദ്ധതിയാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക ലഭിക്കുകയാണെങ്കിൽ പാകിസ്ഥാൻ രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ ശേഖരം ഉയർത്താനും അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള വായ്പകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും. നിലവിൽ 700 കോടി ഡോളറിന്‍റെ ഐഎംഎഫ് പദ്ധതിയുടെ ഭാഗമായി കടുത്ത നികുതി വർദ്ധനവും സാമ്പത്തിക നിയന്ത്രണങ്ങളും രാജ്യത്ത് നിലവിലുണ്ട്.
നേരത്തെ ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വായ്പകളെയും നിക്ഷേപങ്ങളെയുമാണ് വിദേശനാണ്യ ശേഖരത്തിനായി പാകിസ്ഥാൻ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ യുഎസുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തിക്കൊണ്ട് നിക്ഷേപങ്ങളും ധനസഹായവും ഉറപ്പാക്കാനാണ് പാകിസ്ഥാന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി ട്രംപ് കുടുംബത്തിന്‍റെ പ്രധാന ക്രിപ്റ്റോ ബിസിനസായ വേൾഡ് ലിബർട്ടി ഫിനാൻഷ്യലുമായി സഹകരിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി കരാർ ഒപ്പിടുകയും, ന്യൂയോർക്കിലെ പിഐഎയുടെ ഉടമസ്ഥതയിലുള്ള റോസ്‌വെൽറ്റ് ഹോട്ടൽ പുനർവികസിപ്പിക്കുന്നതിന് അമേരിക്കയുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ, പാകിസ്ഥാനിലെ റെക്കോ ഡിഖ് ഖനന പദ്ധതിയിൽ 120 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായം നൽകുമെന്ന് യുഎസ് എക്‌സിം ബാങ്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്. അമേരിക്കൻ ട്രഷറി വിഭാഗം വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ലെങ്കിലും, ഈ തുക അനുവദിക്കപ്പെട്ടാൽ അത് പാകിസ്ഥാന്‍റെ സാമ്പത്തിക തകർച്ചയ്ക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam