
ദില്ലി: ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനും സൗദിയും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാന കരാർ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 'കൂട്ടായ പ്രതിരോധം' എന്നതിന് സമാനമാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാർ. അതിൽ അംഗ രാജ്യത്തിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങൾക്കും എതിരായ ആക്രമണമാണെന്ന് അടിസ്ഥാനപരമായി അർത്ഥമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയ്‌ക്കെതിരെയോ പാകിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അംഗ രാജ്യത്തിന് ഭീഷണിയുണ്ടെങ്കിൽ, തീർച്ചയായും ഈ ക്രമീകരണം പ്രാബല്യത്തിൽ വരും. പാകിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയുടെ ഉപയോഗത്തിന് ലഭ്യമാണ്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശന സമയത്താണ് പരസ്പര പ്രതിരോധ കരാർ ഒപ്പുവച്ചത്. ദ്വികക്ഷി കരാറിൽ ഏതെങ്കിലും രാജ്യത്തിനെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പറയുന്നു. അറബ് രാഷ്ട്രങ്ങളുടെ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ത്യയെ ആക്രമിക്കാനുള്ള സഹായവുമാണ് കരാറിലൂടെ പാകിസ്ഥാൻ്റെ നേട്ടം. വിശാലമായ അറബ് സഖ്യത്തിനുള്ള വാതിലുകൾ അടച്ചിട്ടില്ലെന്നും എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും, പ്രത്യേകിച്ച് മുസ്ലീം ജനതയുടെയും മൗലികാവകാശം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.