
ടെഹ്റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ പ്രാപ്തിയെ രൂക്ഷമായി വിമർശിച്ച് ഇറാൻ പാർലമെന്റ് അംഗം രംഗത്തെത്തി. പാകിസ്ഥാൻ ഒരിക്കലും നിഷ്പക്ഷമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും അവർ എപ്പോഴും അമേരിക്കൻ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാൻ എംപി കുറ്റപ്പെടുത്തി. ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവും ദാഷ്തസ്താൻ പ്രതിനിധിയുമായ ഇബ്രാഹിം റെസായിയാണ് എക്‌സിലൂടെ പാകിസ്ഥാനെതിരെ രംഗത്തുവന്നത്.
പാകിസ്ഥാൻ എപ്പോഴും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചാണ് പ്രവർത്തിക്കുന്നതെന്നും, അമേരിക്കയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അവർ ഒന്നും സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥനായി നിൽക്കുന്ന രാജ്യം നിഷ്പക്ഷമായിരിക്കണമെന്നും ഒരു പക്ഷത്തേക്ക് മാത്രം ചായുന്നത് ശരിയല്ലെന്നും റെസായി കുറിച്ചു.
അതേ സമയം, ഇറാനു മേൽ ഇനി ആക്രമണമുണ്ടാകില്ലെന്ന ഗ്യാരണ്ടി നൽകിയാൽ ഹോർമൂസ് തുറക്കുന്നതും ആണവ വിഷയവും പരിഗണിക്കാമെന്ന നിലപാടിലാണ് ഇറാൻ. അമേരിക്കയ്ക്ക് രേഖാമൂലം നൽകിയ നിലപാടുകളിലാണ് ഇറാൻ ഉപാധികൾ വെച്ചിരിക്കുന്നത്. അയൽ രാജ്യങ്ങളാണ് പ്രധാനമെന്ന് ഹോർമൂസ് വിഷയത്തിൽ ഒമാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതും ശ്രദ്ധേയമായി.
സമ്മർദമായും വഴങ്ങലായും വ്യാഖാനിക്കാവുന്നതാണ് ഇറാന്റെ പുതിയ നിലപാട്. ഇനി ആക്രമിക്കില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ആദ്യം വേണം. ഇതോടെ ഹോർമൂസ് തുറക്കുന്നത് ആലോചിക്കും. പിന്നീട് ആണവ വിഷയം ചർച്ച ചെയ്യാം. യുദ്ധത്തിന് തന്നെ കാരണമായ ഇറാന്റെ ആണവ വിഷയത്തിലെക്കെത്തും മുന്നേ പരിഗണിക്കാനാണ് ആദ്യ രണ്ട് ഉപാധികളും ഇറാൻ വെച്ചിരിക്കുന്നത്. സങ്കീർണ പ്രശ്നമായി തുടരുന്ന ആണവ വിഷയത്തിലെ ധാരണകൾക്ക് മുന്നേ തന്നെ ഹോർമൂസ് തുറക്കാമെന്ന വാഗ്ദാനമായും വിലയിരുത്താം. അമേരിക്ക ഇതംഗീകരിക്കുമോ എന്നത് പ്രധാനം. ഹോർമൂസിലെ നിയന്ത്രണം ഒമാനുമായി ഇറാൻ ചർച്ച ചെയ്തു. സ്തംഭിച്ചു കിടക്കുന്ന നാവികരെയും കപ്പലുകളെയും സ്വതന്ത്രരാക്കുന്നതിന് ലോകത്തോടു കൂട്ടുത്തരവാദിത്തമുണ്ടെന്ന് ഒമാൻ വിദേശകാര്യമന്ത്രി തന്നെ ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam