ആ വിമാനം തകര്‍ന്നുവീണത് തന്നെ, ഷാര്‍ജയില്‍ നിന്നും വരുന്നതിനിടെ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അറബിക്കടലില്‍ കണ്ടെത്തി!

Published : Jul 09, 2026, 05:57 PM IST
K2 Airways Boeing 737 cargo flight

Synopsis

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കാണാതായി 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

 

കറാച്ചി: ഷാര്‍ജയില്‍ നിന്നും കറാച്ചിയിലേക്ക് വരുന്നതിനിടെ കാണാതായ പാകിസ്ഥാന്‍ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണതാണെന്ന് സ്ഥിരീകരിച്ചു. സ്വകാര്യ വിമാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കാണാതായി 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കറാച്ചി തീരത്തുനിന്നും 287 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കെ2 എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ള, 27 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-400 ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാകിസ്ഥാന്‍ സമയം ചൊവ്വാഴ്ച രാത്രി 9:18 ഓടെ വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതായി പൈലറ്റ് കറാച്ചി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സന്ദേശം അറിയിച്ചിരുന്നു. പൈലറ്റിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും, മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം വിമാനവുമായുള്ള റഡാര്‍-റേഡിയോ ബന്ധങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.

ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്റഡാര്‍ 24 പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം വിമാനത്തിന്റെ അവസാന മിനിറ്റുകള്‍ അതീവ സങ്കീര്‍ണ്ണമായിരുന്നു. കടല്‍നിരപ്പില്‍ നിന്ന് 36,550 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 5,000 അടി താഴേക്ക് പതിക്കുകയും, തൊട്ടടുത്ത 30 സെക്കന്‍ഡില്‍ വീണ്ടും 6,000 അടി മുകളിലേക്ക് ഉയരുകയും ചെയ്തു. തൊട്ടുപിന്നാലെ മിനിറ്റില്‍ 22,400 അടി വേഗതയില്‍ വിമാനം കുത്തനെ കടലിലേക്ക് പതിച്ചു.

പാകിസ്ഥാന്‍ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജന്‍സിയും സംയുക്തമായാണ് കടലില്‍ തിരച്ചില്‍ നടത്തുന്നത്. കാണാതായ ജീവനക്കാരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അനുശോചനം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയുടെ ആ തീരുമാനം ലോകത്തിന് പ്രചോദനം; പ്രശംസിച്ച് മോദി
വയനാട്ടിലേക്ക് ഒരു ചുരമില്ലാ റോഡ്, തുരങ്കപാതയുടെ ചെലവും അപകടവുമില്ല, വിലങ്ങാട്-വയനാട് പാത വന്നാല്‍നാട് മാറും!