ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയ നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയ ഇന്ത്യ വാർഷിക ഉച്ചകോടിയിലാണ് മോദിയുടെ പ്രശംസ. 

മെൽബൺ: ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയയുടെ പ്രവർത്തനങ്ങൾ ലോകത്തിന് പ്രചോദനാണെന്നും ഇന്ത്യ അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഓസ്ട്രേലിയൻ സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് മെൽബണിൽ നടന്ന ഓസ്ട്രേലിയ ഇന്ത്യ വാർഷിക ഉച്ചകോടിക്കിടെ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"വിവരസാങ്കേതികവിദ്യ, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങളും സമൂഹത്തെ സംരക്ഷിക്കാൻ നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളും ലോകത്തിന് ഏറെ പ്രചോദനകരമാണ്. നിങ്ങളുടെ ഈ ശ്രമങ്ങളിൽ നിന്ന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും നിരവധി പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്"- മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനോട് പറഞ്ഞു.

ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയത്. ഇതോടെ 16 വയസ്സിൽ താഴെ ഉള്ളവർക്ക് രാജ്യവ്യാപകമായി സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ടിക്ക് ടോക്ക്, എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 16 വയസ്സിൽ താഴെയുള്ളവർ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. പ്രായം നിർണയിക്കുന്നതിന് ഒന്നിലധികം മാർഗങ്ങൾ സ്വീകരിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.

ഓസ്ട്രേലിയയ്ക്ക് പുറമേ, യുകെ, കാനഡ, ബ്രസിൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാന നിയന്ത്രണം ഏർപ്പെടുത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്‍ലൻഡ്, ​ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സോഷ്യൽ മീഡിയ നിയന്ത്രണം പരി​ഗണിക്കുന്നുണ്ട്.