
ഇറാന് നേരെയുള്ള ഇസ്രയേൽ യുഎസ് ആക്രമണം ലോകത്തിന്‍റെ ഗതിവിഗതികളെ പോലും നിയന്ത്രിക്കുന്ന ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുദ്ധം 39 -ാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ തങ്ങളെ അക്രമിക്കാൻ കൂട്ട് നിൽക്കാത്ത രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് കടലിടുക്ക് തുറന്ന് കിടക്കുമെന്ന് ഇറാൻ പറഞ്ഞിരുന്നു. എന്നാൽ, ഹോർമൂസ് കടലിടുക്ക് യുഎസിനും ഇസ്രയേലിനും കൂടി തുറന്ന് കൊടുക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇത് യുദ്ധം ഇനിയും നീളുമെന്നും അങ്ങനെയെങ്കിൽ പാകിസ്ഥാൻ കൂടി യുദ്ധത്തിന്‍റെ ഭാഗമാകേണ്ടിവരുമെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മുൻകൈയെടുത്ത് നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫും സംയുക്ത സൈനിക മേധാവി അസീം മുനീറും യുഎസ് പ്രസിഡന്‍റ് ട്രംപുമായി അടുപ്പമുള്ളവരാണെന്നതും ഇറാനുമായി പാകിസ്ഥാനുള്ള സാംസ്കാരിക ബന്ധവും മധ്യസ്ഥ ചർച്ചകൾക്ക് പാകിസ്ഥാന്‍റെ നേതൃത്വം അംഗീകരിക്കപ്പെടാൻ കാരണമായി. ആദ്യം പാകിസ്ഥാന്‍റെ മധ്യസ്ഥത്തെ കുറിച്ച് അറിയില്ലെന്നാണ് ഇറാൻ അറിയിച്ചതെങ്കിലും പിന്നീട് അത്തരമൊരു നീക്കം നടക്കുന്നനായി ഇറാൻ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിലായി പാകിസ്ഥാനിലെ ഇറാൻ അംബാസഡറായ റെസ അമീരി മൊഗാദം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങൾ പോസറ്റീവും ഫലപ്രദവുമാണെന്നും അത് നിർണായകവും സെൻസിറ്റീവുമായ ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും കുറിച്ചു. കൂടുതൽ അറിയാൻ കാത്തിരിക്കാനും അദ്ദേഹം എഴുതി.
അതേസമയം ഇന്ന് രാത്രിയിൽ ഇറാന് നൽകിയ അവസാന സമയവും അവസാനിക്കുമെന്നും ഇറാനിലെ പവർ പ്ലാന്‍റുകളും പാലങ്ങളും വെറും നാല് ദിവസത്തിനുള്ളിൽ തകർക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനിൽ തകർന്ന് വീണ എഫ് 15 ഇയിലെ രണ്ടാം പൈലന്‍റിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ അസഭ്യപ്രയോഗം വരെ ട്രംപ് ഇറാനെതിരെ നടത്തി. പൈലറ്റിനെ രക്ഷപ്പെടുത്താൻ യുഎസിന് ഒരു എഫ് 15 ഇ അടക്കം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും നഷ്ടമായിരുന്നു. ഒപ്പം 13 സൈനീകരും കൊല്ലപ്പെട്ടെന്നും 300 ഓളം പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൗദിയുമായി പാകിസ്ഥാന് പ്രതിരോധക്കാർ ഉണ്ട്. ഈയൊരു അവസരത്തിൽ ഇറാന്‍റെ സൗദിയെ അക്രമിച്ചാൽ കരാർ പ്രകാരം പാകിസ്ഥാന് സൗദിയോടൊപ്പം ചേർന്ന് ഇറാനെതിരെ പോരാടേണ്ടിവരും. ഇത് ഒരു ആഭ്യന്തര കലാപമാകും പാകിസ്ഥാനിൽ സൃഷ്ടിക്കുക. ഇപ്പോൾ തന്നെ യുഎസിനെതിരെയും ഇസ്രയേലിനെതിരെയും പാക് ജനത തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു. ഒപ്പം ഇറാനുള്ള പിന്തുണയും പ്രഖ്യാപിക്കുന്നു. ഇത് കൂടാതെ പാകിസ്ഥാനിലെ ഇറക്കുമതി എണ്ണ വില ഇപ്പോൾ തന്നെ ലിറ്ററിന് 300 രൂപ കടന്നു കഴിഞ്ഞു. ഉയരുന്ന അവശ്യസാധന വിലയും പാക് ഭരണകൂടത്തിന് മുന്നിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam