പാൻഡോറ ലീക്കിൽ പുടിന്റെ രഹസ്യകാമുകിയും; തൂപ്പുകാരിയിൽ നിന്ന് കോടീശ്വരിയിലേക്കുള്ള വളർച്ച അപാരം

By Web TeamFirst Published Oct 4, 2021, 3:38 PM IST
Highlights

പുടിൻ ഇന്നോളം എലിസവെറ്റയെ മകളായോ, സ്വെറ്റ്ലാനയെ തന്റെ മകളുടെ അമ്മയായോ പരസ്യമായി അംഗീകരിച്ചിട്ടില്ല. 

ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക വിവര ചോർച്ചയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പാൻഡോറ പേപ്പേഴ്സ് എന്ന് മാധ്യമങ്ങൾ വിളിക്കുന്ന ലീക്ക്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രബലരായ പല രാഷ്ട്രത്തലവന്മാരുടെയും രഹസ്യജീവിതങ്ങളിലെ ലൈംഗിക പങ്കാളികൾ ഉൾപ്പെടെ പലർക്കും നിലവിൽ ഉള്ള കോടിക്കണക്കിനു ഡോളർ വിലമതിക്കുന്ന സ്ഥാവരജംഗമ സ്വത്തുക്കളുടെ വിശദവിവരങ്ങളാണ് ഈ ചോർച്ചയിലൂടെ പുറത്തായത്. 

ഇക്കൂട്ടത്തിൽ ഏറ്റവും പ്രമുഖമായ പേര് സ്വെറ്റ്ലാന ക്രിവോനോഗിക്ക് എന്ന 46 കാരിയുടേതാണ്. മൊണാക്കോയിലെ ഏറ്റവും വിലപിടിപ്പുള്ള പോഷ് റിയൽ എസ്റ്റേറ്റ് ഏരിയയിൽ സ്വെറ്റ്ലാന, ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലുള്ള ഒരു ഷെൽ കമ്പനി മുഖാന്തിരം വാങ്ങിയച്ച 4 മില്യൺ ഡോളർ വിലപിടിപ്പുള്ള ഒരു മാളികയാണ് എന്നാണ് വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള പത്രങ്ങൾ പരിശോധിച്ചു കഴിഞ്ഞ, പാൻഡോറ പേപ്പറുകൾ ആരോപിക്കുന്നത്. അറുപത്തെട്ടുകാരനായ പുട്ടിന്, മുമ്പ് തൂപ്പുകാരിയും, പിന്നീട് ബിസിനസ് വിദ്യാർത്ഥിയും ആയിരുന്ന സ്വെറ്റ്ലാനയിൽ ജനിച്ച രഹസ്യ സന്താനമാണ് ഇന്ന് പതിനെട്ടു വയസ്സ് പ്രായമുള്ള, എലിസവെറ്റ എന്നൊരു അപവാദം സെന്റ് പീറ്റേഴ്‌സ്ബർഗിൽ സജീവമാണ്. പുടിൻ ഇന്നോളം എലിസവെറ്റയെ മകളായോ, സ്വെറ്റ്ലാനയെ തന്റെ മകളുടെ അമ്മയായോ പരസ്യമായി അംഗീകരിച്ചിട്ടില്ല. എന്നാലും, ആ ആക്ഷേപത്തിന് കാറ്റുപകരുന്ന മറ്റൊരു സംഗതി, എലിസവെറ്റയ്ക്ക് പുടിനോടുള്ള അപാരമായ മുഖസാമ്യമാണ്. 2003 -ൽ എലിസവെറ്റ എന്ന പെൺകുഞ്ഞ് ജനിച്ചതിന്റെ പിന്നാലെയാണ് സ്വെറ്റ്ലാനയ്ക്ക് ഇങ്ങനെ ഒരു മാളിക സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു കിട്ടുന്നത്. വളരെ നിർധനമായ കുടുംബ സാഹചര്യങ്ങളിൽ നിന്ന് വന്ന സ്വെറ്റ്ലാന ഇന്ന് ശതകോടികൾ വിലമതിക്കുന്ന സമ്പത്തിനുടമയായത് എങ്ങനെ എന്ന ചോദ്യം അലക്സി നവൽനി അടക്കം പലരും ഇതിനു മുമ്പും ചോദിച്ചിട്ടുള്ളതാണ്. ഇന്ന് നൂറു മില്യൺ ഡോളറിൽ അധികമാണ് സ്വെറ്റ്ലാനയുടെ ആസ്തി. 

 Proekt എന്ന റഷ്യൻ അന്വേഷണ സ്ഥാപനം, കഴിഞ്ഞ വർഷം സ്വെറ്റ്ലാനയെയും എലിസവെറ്റയെയും പുടിനുമായി ബന്ധിപ്പിക്കുന്ന ചില തെളിവുകൾ പുറത്തുവിട്ടതിനെത്തുടർന്ന്  റഷ്യയിൽ നിരോധിക്കപ്പെട്ടിരുന്നു. അന്ന് Proekt  തങ്ങളുടെ അന്വേഷണറിപ്പോർട്ടിൽ, ഒരു വിഷ്വൽ കമ്പ്യൂട്ടിങ് ശാസ്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് എഴുതിയത്, എലിസവെറ്റയുടെ മുഖത്തിന് പുട്ടിന്റെതുമായി 70.44% സാമ്യതയുണ്ട് എന്നാണ്. എലിസവെറ്റയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് എഴുതിയിട്ടില്ല എന്നതും ഇക്കാര്യത്തിലുള്ള ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. 

200 ബില്യൺ ഡോളറിൽ അധികം റഷ്യൻ ഖജനാവിൽ നിന്ന് കാലാകാലങ്ങളിലായി അടിച്ചു മാറ്റി ഓഫ്‌ഷോർ അക്കൗണ്ടുകളിൽ കൊണ്ട് നിക്ഷേപിച്ചിട്ടുള്ള പുട്ടിനാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന്, ഹെർമിറ്റേജ് കാപിറ്റൽ മാനേജ്മെന്റ് സിഇഒ ബിൽ ബ്രോഡറിനെ ഉദ്ധരിച്ചുകൊണ്ട് news.com.au എഴുതിയിരുന്നു. 

  

click me!