10 വയസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മകനെ പൊലീസിന് കാണിച്ചുകൊടുത്ത് മാതാപിതാക്കള്‍

By Web TeamFirst Published Oct 3, 2022, 4:11 AM IST
Highlights

കുട്ടി നിലവിളിച്ചതോടെ യുവാവ് കൈകള്‍ കൊണ്ട് പത്തുവയസുകാരിയുടെ വായ പൊത്തിപ്പിടിച്ചു. പെണ്‍കുട്ടി ഇയാളുടെ മാസ്ക് പിടിച്ച് വലിച്ച് ഊരിയതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു. 

പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മകനെ പൊലീസിന് പിടിച്ച് നല്‍കി മാതാപിതാക്കള്‍. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ഡിയഗോ ജെയിംസ് ഗെറ്റ്ലര്‍ എന്ന ഇരുപത്തിയെട്ടുകാരനെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കൊളറാഡോയിലെ തോണ്‍ടണിലെ  സ്റ്റെം ലോഞ്ച് കെ 8 സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ സെപ്തംബര്‍ 23ന് രാവിലെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

തട്ടിക്കൊണ്ട് പോകലിനുള്ള സെക്കന്‍ഡ് ഡിഗ്രി കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വയസുകാരിയെ അമ്മ സ്കൂളിന് മുന്നില്‍ കൊണ്ട് വിട്ട് മടങ്ങിയ ശേഷമായിരുന്നു തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം നടന്നത്. സ്കൂളിലേക്ക് പോവുകയാണോയെന്ന് കുട്ടിയോട് ചോദിച്ച യുവാവ് അല്‍പ സമയം കുട്ടിക്കൊപ്പം നടന്ന ശേഷം  കടന്ന് പിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ യുവാവ് കൈകള്‍ കൊണ്ട് പത്തുവയസുകാരിയുടെ വായ പൊത്തിപ്പിടിച്ചു. പെണ്‍കുട്ടി ഇയാളുടെ മാസ്ക് പിടിച്ച് വലിച്ച് ഊരിയതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവാവിന്‍റെ ചിത്രം പൊലീസിന് ലഭിച്ചത്. യുവാവ് സ്കൂള്‍ പരിസരത്ത് നില്‍ക്കുന്നതും കുട്ടിയെ സമീപിക്കുന്നതും പിന്നീട് ഓടിവരുന്നതും പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാര്‍ ഓടിച്ച് പോകുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു. സംഭവ ദിവസം തന്നെ പ്രതിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവിന്‍റെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്.

തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് തങ്ങളുടെ മകനാണോയെന്ന സംശയം ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഡിയഗോയുടെ മൊബൈല്‍ ഫോണ്‍ സിഗ്നലുകളില്‍ നിന്ന് സംഭവം നടന്ന സമയത്ത് ഇയാള്‍ സ്കൂള്‍ പരിസരത്തുണ്ടായിരുന്നതായും തെളിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവ് ഉപയോഗിച്ച കാറും തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ ആദംസ് കൌണ്ടി ജയിലിലുള്ള ഇയാളെ ഒക്ടോബര്‍ 5 ന് കോടതിയില്‍ ഹാജരാക്കും. 

click me!