വിമാനയാത്രയ്ക്ക് മുമ്പ് നിർബന്ധിത ഗർഭപരിശോധന: പരാതിയുമായി യുവതി, ക്ഷമ ചോദിച്ച് എയർലൈൻ

By Web TeamFirst Published Jan 19, 2020, 12:41 PM IST
Highlights

വിമാനത്തിലേക്ക് കയറുന്നതിനുമുമ്പായി എയർലൈൻ ജീവനക്കാർ ചേർന്ന് തന്നെ ബലമായി വിമാനത്താവളത്തിന് അകത്തുള്ള ടോയ്‌ലറ്റിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. അവിടെവച്ച് നിർബന്ധിച്ച് സ്ട്രിപ്പിലേക്ക് മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടു. പരിശോധനയക്ക് ശേഷം ഗർണിയല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. 

ഹോങ്കോങ്: വിമാനയാത്രയ്ക്ക് മുമ്പ് നിർബന്ധിത ഗർഭപരിശോധന നടത്തിയെന്ന് കാണിച്ച് ഹോങ്കോങ് എയർലൈന്‍സിനെതിരെ യുവതി പരാതി നല്‍കി. ജപ്പാൻ സ്വദേശിയായ മിഡോറി നിഷിദ (25) ആണ് ഹോങ്കോങ് വിമാനത്താവളത്തിൽ നിർബന്ധിത ഗർഭപരിശോധനയ്ക്ക് വിധേയയായത്. വിമാനത്താവളത്തിലെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയാണ് തന്നെ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയതെന്ന് നിഷിദ പരാതിയില്‍ പറഞ്ഞു. ഹോങ്കോങ്ങിൽ നിന്ന് അമേരിക്കയിലെ സായ്പാനിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

വിമാനത്തിലേക്ക് കയറുന്നതിനുമുമ്പായി എയർലൈൻ ജീവനക്കാർ ചേർന്ന് തന്നെ ബലമായി വിമാനത്താവളത്തിന് അകത്തുള്ള ടോയ്‌ലറ്റിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. അവിടെവച്ച് നിർബന്ധിച്ച് സ്ട്രിപ്പിലേക്ക് മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടു. പരിശോധനയക്ക് ശേഷം ഗർണിയല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. സായിപ്പാനിലേക്ക് പോകുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് ഗർഭപരിശേധന നടത്തിയതെന്നും യുവതി പറഞ്ഞു. നവംബറിലായിരുന്നു സായ്പാനിലേക്ക് പോകാനായി ഹോങ്കോംഗ് എക്സ്പ്രസ് വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്തത്.

ഗർഭപരിശോധന നടത്തുന്നതിന് മുമ്പ് നല്‍കിയ ചെക്ക്-ഇൻ ചോദ്യാവലിയിൽ താന്‍ ഗർഭിണിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ ശരീരപ്രകൃതം കണ്ട് ജീവനക്കാർ ഗർഭിണിയാണെന്ന് തെറ്റുധരിക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായ സ്ത്രീയോട് സാമ്യമുള്ള ശരീര വലുപ്പമോ ആകൃതിയോ ഉള്ള സ്ത്രീകൾക്കായി തയ്യാറാക്കിയിട്ടുള്ള "ഫിറ്റ്-ടു-ഫ്ലൈ" വിലയിരുത്തലിന് വിധേയരാകാൻ എയർലൈൻ ജീവനക്കാർ നിർബന്ധിക്കുകയായിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു. ഇത് വളരെ അപമാനകരവും നിരാശജനകവുമായിരുന്നുവെന്നും നിഷിദ പറഞ്ഞു.

സായിപ്പാനിലാണ് നിഷിദ ജനിച്ചു വളർന്നത്. ഏകദേശം 20 വർഷമായി കുടുംബം സായ്പാനിലെ ദ്വീപില്‍ താമസിച്ചുവരുകയാണ്. അതേസമയം, സംഭവം വിവാദമായതോടെ നിഷിദയോട് ഹോങ്കോങ് എയർലൈന്‍സ് ക്ഷമാപണം നടത്തി. വിമാനത്താവളത്തിൽ ഗർഭപരിശോധന നടത്തുന്ന നടപടി താൽക്കാലികമായി നിർത്തിവച്ചതായും നിഷിദയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും എയർലൈൻസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.  
 
യുഎസ് കുടിയേറ്റ നിയമങ്ങൾ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് 2019 ഫെബ്രുവരി മുതൽ സായ്പാനിലേക്കുള്ള വിമാനയാത്രയ്ക്ക് മുമ്പായി ഗർഭപരിശോധന നിർബന്ധിതമാക്കിയതെന്ന് ഹോങ്കോംഗ് എക്സ്പ്രസ് അധികൃതർ പറഞ്ഞു. ഗർഭിണിയായ യുവതികള്‍ മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് സായ്പാനിലെ ദ്വീപില്‍ പ്രസവിക്കാനായി എത്താറുണ്ട്. എന്നാൽ, ഇത് അമേരിക്കൻ കുടിയേറ്റ നിയമങ്ങളെ ദുർബലപ്പെടുത്തുന്നതിനാൽ അധികൃതർ പ്രോത്സാഹിപ്പിക്കാറില്ല.  

click me!