
പ്രാഗ്: ദേശീയ പാതകളിൽ അപ്രതീക്ഷിതമായി റേസിംഗ് കാർ കണ്ട് തുടങ്ങിയിട്ട് ആറ് വർഷം. പൊലീസ് എത്തുമ്പോഴേയ്ക്കും ഫോർമുല 1 മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന തരം കാർ മിന്നൽ വേഗത്തിൽ നിരത്തിൽ നിന്ന് കാണാതാവും. വർഷങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നിന്ന് 51കാരനെയും റേസിംഗ് കാറിനേയും പൊലീസ് പിടികൂടിയത്. 2019 മുതലാണ് ഈ കാർ ദേശീയപാതയിൽ കാണാൻ തുടങ്ങിയത്. ചുവന്ന നിറത്തിൽ ഫെറാരി എഫ് 1 കാറുകൾ പോലെ തോന്നിക്കുന്ന ഈ കാറുമായി മധ്യവയസ്കൻ തലങ്ങും വിലങ്ങും പാഞ്ഞ് പൊലീസിനെ കുറച്ചൊന്നുമല്ല ചുറ്റിച്ചത്. ഞായറാഴ്ച വീണ്ടും വിവാദ കാർ നിരത്തിലെത്തിയതോടെയാണ് പൊലീസ് അതിവേഗത്തിൽ കാർ പിടികൂടിയത്. പെട്രോൾ അടിക്കാനായി കാർ നിർത്തിയതാണ് പൊലീസിന് പഴുതായത്. പൊലീസ് എത്തിയതോടെ പുറത്തിറങ്ങില്ലെന്ന് പറഞ്ഞ 51കാരനെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ സ്വകാര്യ സ്ഥലത്ത് മാത്രമാണ് കാർ കൊണ്ടുപോയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കുന്നത്. ഏറെ നിർബന്ധിച്ച ശേഷമാണ് ഇയാൾ സ്റ്റേഷനിലേക്ക് പോവാൻ തയ്യാറായത്. 2019 മുതൽ നിരത്തിൽ കാണാൻ തുടങ്ങിയ കാർ ഹെലികോപ്ടർ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളോടെയാണ് പൊലീസ് പിടികൂടിയത്. ഫെറാരി എഫ് 1 കാർ എന്നാണ് കസ്റ്റഡിയിലെടുത്ത കാറിനേക്കുറിച്ച് ഇയാൾ പറയുന്നത്. എന്നാൽ ഇറ്റാലിയൻ നിർമ്മാതാക്കളായ ഡല്ലാരയുടെ ജിപി2 സീരിസിലുള്ള എഫ് 1 കാറാണ് ഇതെന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഹെഡ്ലൈറ്റില്ലാതെ ദേശീയ പാതകളിൽ എത്തിയതിനും ട്രാക്കിൽ മാത്രം ഓടിക്കാൻ അനുമതിയുള്ള വാഹനം നിരത്തിലിറക്കിയതിനും നമ്പർ പ്ലേറ്റുകളും ഇൻഡിക്കേറ്ററുകളുമില്ലാത്ത വാഹനവുമായി മോട്ടോർ വേയിലെത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം