
ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിൻറെ നെറുകയിൽ എത്തും. ശബരിമലയുടെ വരുമാനം വർധിക്കും. കേരളത്തിന്റെയും രാജ്യത്തിന്റെയും തന്നെ വരുമാനം വർധിക്കും. ശബരിമല വികസനത്തിലേക്ക് പോകുന്നുവെന്നും പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണ് സതീശൻ നടുത്തുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവ്, എംഎൽഎ എന്ന നിലയിലാണ് വി ഡി സതീശനെ എസ് എൻ ഡി പി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അതിൽ മഞ്ഞുരുകലിന്റെ പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി നടേശൻ.
ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രീനാരായണ ദർശനത്തിന് പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പൊതുപ്രവർത്തനത്തിൽ ഞാനുണ്ടാകുമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. സതീശനെതിരെ വെള്ളാപ്പള്ളി പരസ്യ വിമർശനം തുടരുന്നതിനിടെയാണ് തൃപ്പൂണിത്തുറയിലും, പറവൂരിലും എസ്എൻഡിപി പരിപാടികളിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. ഇന്ന് രാവിലെ സതീശനെ വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.
ആഗോള അയ്യപ്പ സംഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി
ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മലയാളികൾക്ക് ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ വർഗ്ഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം.
ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്തേ മുക്കാലിന് തുടങ്ങി രാത്രി വരെ നീണ്ട സൻസദ് കാര്യശാലയിൽ നരേന്ദ്രമോദി പങ്കെടുത്തു. ഏറ്റവും പിൻനിരയിൽ ഇരുന്നാണ് മോദി കാര്യശാലയിൽ പങ്കെടുത്തത്. സൻസദ് കാര്യശാല പോലുള്ള പരിപാടികൾ ബിജെപിയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും, ജനങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവിക്കാനാണ് ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പരിശീലന പരിപാടിക്ക് പിന്നാലെ പ്രതികരിച്ചു.
പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശിയുടെ വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ വൻവഴിത്തിരിവ്. പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ട ആൾ നിരപരാധിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. തങ്കച്ചനെ കേസിൽ കുടുക്കിയതിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് ആണെന്നാണ് ഉയരുന്ന ആരോപണം. 22ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. ഉടൻതന്നെ പൊലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തു. കള്ളക്കേസ് ആണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്ന സംശയം ഉണ്ടെന്നും തങ്കച്ചനും കുടുംബവും പറഞ്ഞെങ്കിലും പോലീസ് മുഖവിലക്കെടുത്തില്ല.
വയനാട് പുൽപ്പള്ളി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ച തങ്കച്ചനെ പിന്തുണച്ച് പുല്‍പ്പള്ളി സിപിഎം. കള്ളക്കേസിന് പിന്നിലുള്ള മുഴുവൻ കോണ്‍ഗ്രസ് നേതാക്കളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലിയിലെ ക്രിമിനല്‍ സംഘമാണ് പ്രസാദിന് കൊട്ടേഷൻ കൊടുത്തത്. തോട്ടയും ഡിറ്റണേറ്ററും പ്രസാദിന് കൊടുത്തത് കോണ്‍ഗ്രസ് നേതാക്കളാണ്. നിരപരാധിയായ തങ്കച്ചൻ ജയിലില്‍ കിടന്നതിലെ പൊലീസ് വീഴ്ചയും അന്വേഷിക്കണമെന്നും പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 2 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലായിരിക്കും മഴ ഇക്കുറി കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. 68 കാരനായ ഷിഗെരു ഇഷിബ ഞായറാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പിളരുന്ന സാഹചര്യം ഒഴിവാകുന്നത് ലക്ഷ്യമിട്ടാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത പ്രധാനമന്ത്രി ചുമതലയേൽക്കും വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഷിഗെരു ഇഷിബ ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് വിശദമാകക്കിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ രാജിവെക്കണമെന്ന ആവശ്യം ഷിഗെരു ഇഷിബയുടെ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നാണ് ഉയർന്നത്. ഞായറാഴ്ച വരെ രാജി വയ്ക്കുമെന്ന നിലപാടിൽ നിന്നിരുന്ന ഷിഗെരു ഇഷിബ അപ്രതീക്ഷിതമായാണ് രാജി പ്രഖ്യാപിക്കുന്നത്.
'അത് മമ്മൂട്ടി തന്നെ', ആ രഹസ്യം വെളിപ്പെടുത്തി പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍
ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലെ ഒരേയൊരു ഡയലോഗ് മാത്രമുണ്ടായിരുന്ന അതിഥി വേഷമായിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് സിനിമയില്‍ കാണിച്ചത്. കയ്യും ശബ്‍ദവും ചൂണ്ടിക്കാട്ടി അത് മമ്മൂട്ടിയാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ദുല്‍ഖറും വേഫെര്‍ ഫിലിംസും പങ്കുവെച്ച പോസ്റ്ററാണ് മൂത്തോന്റെ സ്ഥിരീകരണം നല്‍കിയത്. മൂത്തോന് പിറന്നാള്‍ ആശംസകള്‍ എന്ന് എഴുതിയ പോസ്റ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ലോക സിനിമയിലെ മൂത്തോൻ മമ്മൂട്ടി തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്നതാണ് ദുല്‍ഖറിന്റെ പോസ്റ്റ്.