
വാഷിംഗ്ടൺ: ഇറാനിൽ എഫ് 15 ഇ വെടിയേറ്റ് വീണപ്പോൾ യുദ്ധവിമാനം നിയന്ത്രിച്ചിരുന്നത് ആഴ്ചകൾക്ക് മുൻപ് കുവൈറ്റിൽ തകർന്ന യുദ്ധവിമാനത്തിലെ പൈലറ്റ് തന്നെയെന്ന് റിപ്പോർട്ട്. കുവൈറ്റിലെ അപകടത്തിൽ നിന്നും സുരക്ഷിതമായി രക്ഷപ്പെട്ട് കൃത്യം മുപ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഈ പൈലറ്റ് ഇറാനിൽ മറ്റൊരു ദൗത്യത്തിലേക്ക് അയയ്ക്കുന്നത. ഇവിടെ വച്ച് വിമാനത്തിന് നേരെ ഇറാൻ സേനയുടെ മിസൈൽ ആക്രമണം ഉണ്ടാകുകയും തുടർന്ന് പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു. ഒരേ പൈലറ്റ് തന്നെ ചുരുങ്ങിയ കാലയളവിൽ രണ്ട് തവണ വെടിവെച്ചിടപ്പെടുന്നത് അപൂർവമാണെന്നാണ് റിപ്പോർട്ട്.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കുവൈറ്റിന്റെ ആകാശ പരിധിയിൽ വച്ച് വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അബദ്ധത്തിലുള്ള ആക്രമണത്തിൽ മൂന്ന് എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നിരുന്നു. കുവൈറ്റ് യുദ്ധവിമാനം തൊടുത്ത മിസൈലുകളാണ് അന്ന് യുഎസ് വിമാനങ്ങളെ വീഴ്ത്തിയത്. ആ അപകടത്തിൽ വിമാനങ്ങളിൽ നിന്നു വിജയകരമായി ഇജക്ട് ചെയ്ത് രക്ഷപ്പെട്ട ആറ് ജീവനക്കാരിൽ ഒരാളായിരുന്നു ഈ പൈലറ്റ്. എന്നാൽ ഈ സംഭവത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ഇദ്ദേഹം വീണ്ടും സേവനത്തിൽ സജീവമായി. ഏതാനും ആഴ്ചകൾക്ക് ശേഷം ഏപ്രിൽ മൂന്നിന് ഇറാൻ മിസൈൽ ആക്രമണത്തിൽ ഇദ്ദേഹം പറത്തിയ യുദ്ധവിമാനം വീണ്ടും തകരുകയും പൈലറ്റിന് ഒരിക്കൽക്കൂടി വിമാനത്തിൽ നിന്നും പുറത്തേക്ക് ഇജക്ട് ചെയ്ത് ചാടേണ്ടി വരികയും ചെയ്തു.
ഈ രണ്ടാമത്തെ അപകടത്തിൽ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിരുന്നു എങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അമേരിക്കൻ രക്ഷാസേന ഇദ്ദേഹത്തെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരനായ വെപ്പൺസ് സിസ്റ്റം ഓഫീസർക്ക് പാരച്യൂട്ട് തകരാറിലായതിനെ തുടർന്ന് പരിക്കേൽക്കുകയും ശത്രുക്കളുടെ കണ്ണിൽപ്പെടാതെ രണ്ടു ദിവസത്തോളം ഒളിച്ചിരിക്കേണ്ടി വരികയും ചെയ്തു. പിന്നീട് അതീവ സങ്കീർണ്ണമായ ഒരു സൈനിക രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹത്തെയും അമേരിക്കൻ സേന രക്ഷപെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam