
ന്യൂയോര്‍ക്ക്: അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യ - കരീബിയൻ ദ്വീപ് ഉച്ചക്കോടിയിൽ പങ്കെടുത്ത് പ്രധാമന്ത്രി നരേന്ദ്ര മോദി. 14 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെയാണ് പ്രധാനമന്ത്രി കണ്ടത്. അമേരിക്കയിലെ പ്രമുഖ സംരംഭകരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
കാലാവസ്ഥ വ്യതിയാനം, സമ്പത് വ്യവസ്ഥ, വികസന കാര്യങ്ങളിലെ ഇന്ത്യൻ പങ്കാളിത്തം എന്നീ വിഷയങ്ങളാണ് ഇന്ത്യ - കരീബിയൻ ദ്വീപ് ഉച്ചക്കോടിയിൽ ചർച്ചയായത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കണമെന്ന് മോദി ആവശ്യപ്പെട്ടു. കാരികോമിന്‍റെ അടിസ്ഥാന വികസനത്തിനായി 14 മില്യൺ യുഎസ് ഡോളറും, സോളാർ പദ്ധതികൾക്കും ഊർജ് സംരക്ഷണ പദ്ധതികൾക്കുമായി 150 മില്യൺ ഡോളർ വായ്പയും മോദി വാഗ്ദാനം ചെയ്തു.
ദക്ഷിണമേഖലകൾ തമ്മിലുള്ള ഐക്യത്തിൽ കൂടിക്കാഴ്ച നിർണായകമായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പസഫിക് ദ്വീപ് രാജ്യത്തലവൻമാരുമായും മോദി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വ്യവസായ പ്രമുഖരുമായുള്ള ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറമായിരുന്നു പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ മറ്റൊരു പരിപാടി. 42 പ്രമുഖ കമ്പനികളുടെ മേധാവിമാരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് സംരംഭകരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയോടൊപ്പം പങ്കാളികളാകാൻ ഇതാണ് മികച്ച അവസരമെന്ന് മോദി പറഞ്ഞു. രാജ്യത്തെ അഞ്ച് ട്രില്ല്യൺ ഡോളർ സാമ്പത്തിക ശക്തിയാക്കുമെന്ന് മോദി ആവർത്തിച്ചു. സംരംഭകർക്കും ഇന്ത്യക്കും ഇടയിൽ പാലമായി നിൽക്കാൻ താൻ തയ്യാറാണ്.അടിസ്ഥാന സൗകര്യങ്ങൾ മുതൽ പ്രതിരോധം വരെ എല്ലാ മേഖലകളിലും ഇന്ത്യക്ക് ആവശ്യങ്ങളുണ്ടെന്ന് പ്രധാനമന്ത്രി സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ രാഷ്ട്രത്തലവൻമാരുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam