വാഷിംഗ്‍ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നീക്കം സജീവമാക്കി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള യുഎസ് പ്രതിനിധിസഭ. യുക്രൈനിയൻ പ്രസിഡന്‍റ് വൊളദിമിർ സെലിൻസ്‍കിയോട് പ്രസിഡന്‍റ് എന്ന പദവി ദുരുപയോഗം ചെയ്ത്, തന്‍റെ രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെക്കുറിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടെന്നാണ് ഇംപീച്ച്മെന്‍റിലെ ആരോപണം. ഇതിന് ബദലായി യുക്രൈന് 400 ദശലക്ഷം യുഎസ് ഡോളർ ട്രംപ് വാഗ്‍ദാനം ചെയ്തെന്നും ഇംപീച്ച്മെന്‍റ് ആരോപണത്തിലുണ്ട്.
വൈറ്റ് ഹൗസിൽ നിന്ന് പുറത്തുവിട്ട രേഖകൾ പ്രകാരം, ട്രംപ് സെലിൻസ്‍കിയോട് യുഎസ് അറ്റോർണി ജനറൽ വില്യം ബാറുമായും തന്‍റെ സ്വന്തം അഭിഭാഷകൻ റൂഡി ഗിലിയാനിയുമായും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്‍റെ മകന് യുക്രൈനുമായി വ്യാപാരബന്ധങ്ങളുള്ള ഒരു പ്രകൃതി വാതക കമ്പനിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്.
യുക്രൈനിലെ ഈ പ്രസിഡന്‍റ് സ്വന്തം പ്രൊഫഷനിലൂടെ ശ്രദ്ധേയനായ ആളാണ്. യുക്രൈനിലെ പ്രസിദ്ധ കൊമേഡിയനായിരുന്നു വൊളദിമിർ സെലിൻസ്‍കി. മികച്ച ഭൂരിപക്ഷത്തോടെയാണ് ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സെലിൻസ്കി അധികാരത്തിലെത്തിയത്.
ജൂലൈ 25-ന് ട്രംപ് നടത്തിയ ഈ ഫോൺ കോൾ, പക്ഷേ, പദാനുപദ രേഖയല്ലെന്ന് വൈറ്റ് ഹൗസും പറയുന്നു. ഈ രേഖയിൽ ഇങ്ങനെയൊരു സഹായം ചെയ്താൽ പകരം സൈനിക സഹായം ചെയ്ത് തരാമെന്ന് ട്രംപ് പറയുന്നതായി ഇല്ല. എന്നാൽ ഡെമോക്രാറ്റുകൾ പിൻമാറാൻ തയ്യാറല്ല. ഇത്തരം സഹായം ചെയ്ത് തരാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് സെലിൻസ്കിയുമായി ട്രംപ് വൈറ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിച്ചതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.
2016-ലെ തെരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്‍റണിനെ തറ പറ്റിക്കാൻ ട്രംപ് റഷ്യൻ ഇന്‍റലിജൻസിന്‍റെ സഹായം തേടിയെന്നും ഡെമോക്രാറ്റ് പാർട്ടിയുടെ സെർവറുകൾ ഹാക്ക് ചെയ്യിച്ചെന്നും അമേരിക്കൻ അന്വേഷണ ഏജൻസികൾ തന്നെ കണ്ടെത്തിയിരുന്നതാണ്. അത് കണ്ടുപിടിച്ച് തരണമെന്നും സെലിൻസ്കിയോട് ട്രംപ് ആവശ്യപ്പെടുന്നുണ്ട്. ''അവർ പറയുന്നത് ആ സെർവർ യുക്രൈനിലുണ്ടെന്നാണ്. എങ്കിൽ ഞങ്ങളുടെ അറ്റോർണി ജനറൽ നിങ്ങളുടെ ആളുകളെ വിളിക്കും. അതിലെന്താണുള്ളതെന്ന് മുഴുവൻ എനിക്ക് പരിശോധിക്കണം'', ഫോൺകോളിൽ ട്രംപ് പറയുന്നു.
എന്നാൽ ഇത്തരമൊരു ഫോൺകോൾ സർവസാധാരണമാണെന്നാണ് ട്രംപിന്‍റെ വിശദീകരണം. ഫോൺ രേഖകളിലെ ഒരു കാര്യവും ചട്ടവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ അല്ലെന്നും ട്രംപ്.
ഡെമോക്രാറ്റുകൾ വെറുതെ വിടില്ല!
രാഷ്ട്രീയ എതിരാളികൾക്കെതിരായി ആരോപണം ചമയ്ക്കാൻ സ്വന്തം പദവി ദുരുപയോഗം ചെയ്ത് വിദേശരാജ്യങ്ങളുടെ സഹായം തേടിയെന്നത് ഭരണഘടനാവിരുദ്ധമാണെന്ന് യുഎസ് പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ആരോപിച്ചു. ഈ അടിസ്ഥാനത്തിൽത്തന്നെയാണ് യുഎസ് പ്രതിനിധിസഭ ഇംപീച്ച്മെന്‍റുമായി മുന്നോട്ടുപോകുന്നത്.
എന്നാൽ ട്രംപിന് മുന്നിൽ അത്ര സുഖകരമല്ല കാര്യങ്ങൾ. 545 അംഗങ്ങളുള്ള പ്രതിനിധിസഭയിൽ 200-ൽ അധികം പേർ ഇംപീച്ച്മെന്‍റ് ആവശ്യം ഉയർത്തിക്കഴിഞ്ഞു. ഡെമോക്രാറ്റുകൾക്ക് നല്ല ഭൂരിപക്ഷമുണ്ട് യുഎസ് പ്രതിനിധിസഭയിൽ. 235 - 198 എന്നതാണ് ഡെമോക്രാറ്റ് - റിപ്പബ്ലിക്കൻ അംഗസംഖ്യ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam