അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന അവകാശവാദമുള്ള ഭൂപടമാണ് നേരത്തെ ചൈന പുറത്തിറക്കിയത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക് പറക്കുന്നു. ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ഇന്ത്യ ആസിയാൻ ഉച്ചകോടിയിലും പങ്കെടുക്കാനായി ജക്കാർത്തയിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിക്കുന്നത്. നാളെ രാത്രി ജക്കാർത്തയ്ക്ക് പോകുന്ന പ്രധാനമന്ത്രി വ്യാഴാഴ്ച രാത്രി മടങ്ങിയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സൗരബ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ഇന്ത്യ ആസിയാൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ചൈനയുടെ ഭൂപടം വിവാദമായിരിക്കുന്ന പശ്ചാത്തലം ഉച്ചകോടികളിൽ ചർച്ചയാകുമോ എന്നത് കണ്ടറിയണം. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ചൈനയുടെ ഭൂപടം ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ചർച്ചയാവുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് സൗരബ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ നേരത്തെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന അവകാശവാദമുള്ള ഭൂപടമാണ് നേരത്തെ ചൈന പുറത്തിറക്കിയത്. തായ്വാനും ചൈനീസ് പ്രദേശമാണെന്ന് പറയുന്ന ഭൂപടം വിവിധ രാജ്യങ്ങളുടെ അതിർത്തികളിർ ചൈനയുടെ കടന്നുകയറ്റ നീക്കത്തിന്റെ തുടർച്ചയാണെന്ന വിമർശനം ശക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ ചേരുന്ന ഉച്ചകോടി ആയതിനാൽ തന്നെ ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ വിഷയം ചർച്ചയാകുമോ എന്നറിയാനായി ലോകം ഉറ്റുനോക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരോ വിദേശ കാര്യ മന്ത്രാലയമോ ഇതുവരെയും കൃത്യമായ ഉത്തരം നൽകിയിട്ടില്ല. നാളെ പ്രധാനമന്ത്രി ജക്കാർത്തയിലേക്ക് തിരിക്കും മുന്നേ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
