'ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടല്ല', വെടിനി‌ർത്തലിൽ ട്രംപിന്‍റെ അവകാശവാദങ്ങളടക്കം തള്ളി പ്രധാനമന്ത്രി; കോൺഗ്രസിന് രൂക്ഷ വിമർശനം

Published : Jul 29, 2025, 08:48 PM ISTUpdated : Jul 30, 2025, 08:45 AM IST
modi trump

Synopsis

പാകിസ്ഥാൻ വലിയ ആക്രമണം നടത്തുമെന്നാണ് ആ സമയത്ത് അമേരിക്ക പറഞ്ഞതെന്നും, അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് മറുപടി നൽകിയെന്നും മോദി വിശദീകരിച്ചു

ദില്ലി: ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടന്നതടക്കമുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. വെടിനിർത്തൽ സാധ്യമാക്കിയത് താനാണെന്ന ട്രംപിന്‍റെ തുടർച്ചയായ അവകാശമാദമടക്കം 'ഓപ്പറേഷൻ സിന്ദൂർ' ചർച്ചക്കുള്ള മറുപടിക്കിടെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. പാകിസ്ഥാൻ വലിയ ആക്രമണം നടത്തുമെന്നാണ് ആ സമയത്ത് അമേരിക്ക പറഞ്ഞതെന്നും, അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് മറുപടി നൽകിയെന്നും മോദി വിശദീകരിച്ചു. ഒരു രാജ്യത്തിന്റെയും മധ്യസ്ഥത, ഇന്ത്യ - പാക് വെടിനിർത്തലിൽ ഉണ്ടായിട്ടില്ല. ഇന്ത്യയോട് സൈനിക നീക്കം നിർത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ആക്രമണത്തിൽ രക്ഷയില്ലാതെ പാകിസ്ഥാനാണ് വെടിനിർത്തലിന് കേണപേക്ഷിച്ചതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. അങ്ങനെയാണ് ഇന്ത്യ വെടിനിർത്തലിലേക്ക് നീങ്ങിയതെന്നും മോദി വിവരിച്ചു.

കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച മോദി, പ്രതിപക്ഷം ശ്രമിക്കുന്നത് ഇന്ത്യൻ സൈന്യത്തിന്‍റെ മനോവീര്യം തകർക്കാനാണെന്നടക്കം കുറ്റപ്പെടുത്തി. പാകിസ്ഥാൻ ഉയർത്തുന്ന വിഷയങ്ങൾ ഇറക്കുമതി ചെയ്ത് ഏറ്റെടുക്കേണ്ട ഗതികേടിലാണ് കോൺഗ്രസെന്നും പാർലമെന്റിലെ ചർച്ചയിൽ മോദി പറഞ്ഞു. പാകിസ്ഥാൻ ഉയർത്തുന്ന വിഷയങ്ങൾ ഏറ്റെടുത്ത് സൈന്യത്തിന്റെ മനോവീര്യം തർക്കുകയാണ് പ്രതിപക്ഷമെന്നതടക്കമുള്ള അതിരൂക്ഷ വിമർശനവും മോദി നടത്തി. പാകിസ്ഥാനെതിരായ ആക്രമണം മുതൽ ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് പരത്തുന്നത് അതിർത്തിക്കപ്പുറമുള്ളവരുടെ വാക്കുകൾ തന്നെയാണ്. പാക് തന്ത്രങ്ങളുടെ പ്രചാരകരായി കോൺഗ്രസ് മാറി. അവിശ്വാസം പരത്താൻ കോൺഗ്രസ് ശ്രമിച്ചെന്നും ഇതുകൊണ്ടാണ് കോൺഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമില്ലാത്തതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരരുടെ ആസ്ഥാനം തകർ‌ത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കും. പഹൽ​ഗാമിൽ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയിൽ കലാപം പടർത്താനുള്ള ശ്രമം ജനങ്ങൾ തകർത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിർദേശം നൽകി. സേനകൾക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നൽകിയെന്നും മോദി പറഞ്ഞു. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. നല്‍കിയത് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ്. 22 മിനിറ്റിൽ ഏപ്രിൽ 22 ലെ ആക്രമണത്തിന് മറുപടി നൽകി. പാകിസ്ഥാനെ വിറപ്പിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാൻ സാധിച്ചില്ല. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി എന്നും മോദി പാർലമെന്‍റിലെ ചർച്ചക്കുള്ള മറുപടിയിൽ വിവരിച്ചു.

വെടിനിർത്തലിന് ട്രംപ് ഇടപെട്ടില്ലെന്ന് ലോക്സഭയിൽ പറയാൻ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മോദിക്ക് മുൻപ് സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം. മോദിയുടെ പ്രതിച്ഛായ നിർമ്മിതിക്കായി ആയിരുന്നു ഓപ്പറേഷൻ സിന്ദുരെന്ന ഗുരുതര വിമർശനവും രാഹുൽ സഭയിൽ ഉന്നയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയെ അനാവശ്യമായി വലിച്ചിഴച്ച് ചൈനയും, ട്രംപിന് പിന്നാലെ അവകാശവാദം; 'ഇന്ത്യ - പാക് സംഘർഷം അവസാനപ്പിക്കാൻ ഇടപെട്ടു'
കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ