കൊവിഡ് 19 ഭീഷണി: മോദിയും പുടിനും ചര്‍ച്ച നടത്തി; സഹകരണം വര്‍ദ്ധിപ്പിക്കും

By Web TeamFirst Published Mar 26, 2020, 8:23 AM IST
Highlights

റഷ്യയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് മോദി ആശംസിച്ചു. ഇന്ത്യ കൊവിഡ്19നെതിരെ എടുക്കുന്ന നടപടികളെ റഷ്യ അഭിനന്ദിക്കുന്നതായി പുടിനും ആശംസിച്ചു. 

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‍റ്  വ്ളാഡമീര്‍ പുടിനും ടെലിഫോണ്‍ സംഭാഷണം നടത്തി. ബുധനാഴ്ച വൈകുന്നേരാണ് ഇരുനേതാക്കളും കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടെലിഫോണില്‍ കൂടി ചര്‍ച്ച ചെയ്തത്. റഷ്യയിലെ ഇന്ത്യന്‍ എംബസി ഈ കാര്യം സ്ഥിരീകരിച്ചു.

ഇരു രാജ്യങ്ങളിലും കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ ഇരുനേതാക്കളും സംസാരിച്ചു. ഇന്ത്യ എടുത്ത മുന്‍കരുതലുകളും നടപടികളും പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്‍റുമായി പങ്കുവച്ചു. ഇതുപോലെ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

റഷ്യയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് മോദി ആശംസിച്ചു. ഇന്ത്യ കൊവിഡ്19നെതിരെ എടുക്കുന്ന നടപടികളെ റഷ്യ അഭിനന്ദിക്കുന്നതായി പുടിനും ആശംസിച്ചു. അതേ സമയം കൊവിഡ്19 ആഗോളതലത്തിലുണ്ടാക്കുന്ന സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികളില്‍ ഇരുനേതാക്കളും ആശങ്ക പങ്കുവച്ചു.

ആഗോളതലത്തില്‍ തന്നെ വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന കൊവിഡ്19നെ നേരിടാന്‍ ആഗോള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന ആശയത്തില്‍ ഇരുനേതാക്കളും യോജിച്ചു. ഭാവിയില്‍ കൊവിഡ് പ്രതിരോധത്തില്‍ പരസ്പര സഹകരണം ഇരുരാജ്യങ്ങളും ഉറപ്പുവരുത്തണമെന്നും ഇരുനേതാക്കളും ചര്‍ച്ചയില്‍ ധാരണയായി.

click me!