മുമ്പ് കളിക്കാനുള്ള ഐസ് റിങ്ക്, ഇന്ന് മൃതദേഹം തള്ളുന്ന ഇടം, മനസ്സ് മരവിപ്പിക്കും സ്പെയിനിലെ കാഴ്ചകൾ

By Web TeamFirst Published Mar 26, 2020, 7:33 AM IST
Highlights

പാലാഷ്യോ ദെ ഹീയലോ എന്ന സ്പാനിഷ് വാക്കിനർത്ഥം ഐസ് പാലസ് എന്നാണ്. മാഡ്രിഡിലെ ഈ സ്റ്റേഡിയം കുറച്ചുദിവസം മുമ്പ് വരെ കുട്ടികളും മുതിർന്നവരും വന്ന് കളിച്ചിരുന്ന ഇടമാണ്. ഇന്ന് അതേ ഇടത്ത്, കോച്ചിവിറയ്ക്കുന്ന തണുപ്പിൽ മൃതദേഹങ്ങൾ സൂക്ഷിക്കുകയാണ് സ്പെയിൻ. അത്രയധികം മൃതദേഹങ്ങളാണ് ദിവസവും ഇവിടെയെത്തുന്നത്. സൂക്ഷിക്കാൻ വേറെ ഇടമില്ല.

മാഡ്രിഡ്: 2011-ൽ പുറത്തിറങ്ങിയ കൺടാജിയൻ (Contagion) എന്ന സിനിമ കണ്ടവരാരും ഈ രംഗം മറന്നിരിക്കില്ല. രാജ്യത്ത് പടർന്നുപിടിച്ച വൈറസ് ബാധ മൂലം മരിച്ചുവീണവരെ കൂട്ടത്തോടെ സംസ്കരിക്കുന്ന ഒരു വലിയ മൈതാനം. അവിടേക്ക് മൃതദേഹങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു. നിരനിരയായി കിടത്തിയ മൃതദേഹങ്ങൾ കാണാം. അവയിൽ കേറ്റ് വിൻസ്ലറ്റ് അവതരിപ്പിച്ച, ഡോ. മിയേഴ്സ് എന്ന കഥാപാത്രവുമുണ്ട്. വൈറസ് ബാധ തടയാൻ അക്ഷീണം പ്രവർത്തിച്ച, അതിനിടെ അതേ രോഗബാധയാൽ ജീവൻ വെടിഞ്ഞ, ആരോഗ്യപ്രവർത്തകരിൽ ഒരാൾ. 

സമാനമായ കാഴ്ചയാണ് ഇന്ന് സ്പെയിനിൽ കാണുന്നത്. കൊറോണവൈറസ് ബാധയിൽ ചൈനയേക്കാൾ കൂടുതൽ പേർ മരിച്ച രണ്ടാമത്തെ രാജ്യമായി ഇന്നലെ സ്പെയിൻ. മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു. സംസ്കരിക്കാൻ ഇടമില്ല. വൈറസ് ബാധിച്ച് മരിച്ചവരായതിനാൽ എല്ലാ ക്രമീകരണങ്ങളും പാലിച്ച് ശ്രദ്ധയോടെ മാത്രമേ സംസ്കരിക്കാനാകൂ. അതിനാൽത്തന്നെ, മൃതദേഹങ്ങളെല്ലാം കോച്ചിവിറയ്ക്കുന്ന തണുപ്പിൽ സൂക്ഷിച്ചേ തീരൂ. 

അതിനാണ്, മാഡ്രിഡ് നഗരത്തിലുള്ള പാലാഷ്യോ ദെ ഹീയലോ എന്ന ഐസ് റിങ്ക് സ്പാനിഷ് സൈന്യം ഏറ്റെടുത്തത്. താൽക്കാലിക മിലിട്ടറി യൂണിറ്റായാണ്, ഐസ് പാലസ് എന്നർത്ഥം വരുന്ന പാലാഷ്യോ ദെ ഹീയലോ ഇപ്പോൾ പ്രവർത്തിക്കുന്നത്.

മാഡ്രിഡിലെ ഈ സ്റ്റേഡിയം കുറച്ചുദിവസം മുമ്പ് വരെ കുട്ടികളും മുതിർന്നവരും വന്ന് കളിച്ചിരുന്ന ഇടമാണ്. ഐസ് ഹോക്കി സ്റ്റിക്കുകളുമായും സ്കേറ്റിംഗ് ഉപകരണങ്ങളുമായും ആർത്തുല്ലസിച്ച് എത്തിയിരുന്ന ഇടം. ഇന്ന് അതേ ഇടത്ത്, മൃതദേഹങ്ങൾ സൂക്ഷിക്കുകയാണ് സ്പെയിൻ. അത്രയധികം മൃതദേഹങ്ങളാണ് ദിവസവും ഇവിടെയെത്തുന്നത്. സൂക്ഷിക്കാൻ വേറെ ഇടമില്ല.

കഴിഞ്ഞ ദിവസം മാഡ്രിഡ് മുൻസിപ്പൽ ഫ്യൂണറൽ സർവീസ് എന്ന മൃതദേഹങ്ങൾ സംസ്കരിക്കാൻ സഹായിക്കുന്ന സേവനകേന്ദ്രം പ്രവർത്തനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അവരുടെ ജോലിക്കാർക്ക് സ്വയം സംരക്ഷിക്കാനുള്ള കവചങ്ങളോ പ്രതിരോധ ഉപകരണങ്ങളോ ഇല്ല എന്നവർ പറയുന്നു. നഗരത്തിലെ 14 സെമിത്തേരികളും രണ്ട് ഫ്യൂണറൽ പാർലറുകളും രണ്ട് ശ്മശാനങ്ങളും കൈകാര്യം ചെയ്യുന്നതിവരാണ്. 

മൃതദേഹങ്ങൾ കൃത്യമായി പൊതിഞ്ഞ്, സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് ശവപ്പെട്ടികളിൽ അടക്കം ചെയ്ത് എത്തിച്ചെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ ഈ സെമിത്തേരികളിലോ ശ്മശാനങ്ങളിലോ സംസ്കാരച്ചടങ്ങുകൾ നടത്താൻ അനുവദിക്കൂ എന്ന് ഇവർ പറയുന്നു.

ഈ സാഹചര്യത്തിലാണ് വേറെ വഴിയില്ലാതെ സ്പാനിഷ് സർക്കാരിന് ഐസ് ഹോക്കി റിങ്ക് ഏറ്റെടുക്കേണ്ടി വന്നത്. മൃതദേഹങ്ങൾ ഇവിടെ കേടാവാതെ സൂക്ഷിക്കും. നിലവിൽ സ്പെയിനിലെ രോഗത്തിന്റെ പ്രവഭകേന്ദ്രമായ മാഡ്രിഡിൽ അധികൃതർക്ക് അടിയന്തരശ്രദ്ധ പതിപ്പിക്കേണ്ട വേറെ വിഷയങ്ങളുണ്ട്. ജീവിച്ചിരിക്കുന്നവരുടെ കാര്യം നോക്കണം. മാഡ്രിഡിലെ 80 ശതമാനം പേർക്കും കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റീജ്യണൽ പ്രസിഡന്റ് ഇസബെൽ ഡിയാസ് ആയുസോ പറയുന്നത്.

പലരും ചെറിയ ലക്ഷണങ്ങളോടെ രോഗത്തെ അതിജീവിച്ചേക്കാം. പക്ഷേ, വൃദ്ധരും അശരണരും വീടില്ലാത്തവരുമായ നഗരത്തിലെ 15 ശതമാനം പേരെയും ഇത് ഗുരുതരമായി ബാധിച്ചേക്കുമെന്ന് തന്നെയാണ് മാഡ്രിഡ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. 

എല്ലാ ദിവസവും വൈകിട്ട് സ്പെയിനിലെ ജനങ്ങൾ ബാൽക്കണിയിൽ എത്തി, കൈകൊട്ടി അഭിനന്ദിക്കും, അവിടത്തെ ആരോഗ്യപ്രവർത്തകരെ. നിസ്വാർത്ഥമായി പണിയെടുക്കുന്നവരെ. പക്ഷേ, എത്രത്തോളം വിലപ്പെട്ട സേവനമാണിവർ ചെയ്യുന്നതെന്ന് യഥാർത്ഥത്തിൽ വീടിനകത്തിരിക്കുന്ന സ്പാനിഷ് ജനത അറിയുന്നുണ്ടോ?

click me!