ദ്രാവകത്തിൽ കുതിർന്ന പാക്കറ്റുകളിൽ മൃഗങ്ങളുടെ കണ്ണുകൾ, കത്ത് ബോംബ്; യുക്രൈൻ എംബസികളിലേക്ക് ദുരൂഹ പാക്കേജുകൾ

By Web TeamFirst Published Dec 3, 2022, 11:12 AM IST
Highlights

മാഡ്രിഡിലെ യുക്രൈൻ എംബസിയിലേക്ക് വെള്ളിയാഴ്ചയാണ് മൃഗങ്ങളുടെ കണ്ണുകൾ അടങ്ങിയ ഒരു പാഴ്സൽ ലഭിച്ചത്. യൂറോപ്പിലുടനീളമുള്ള എംബസികളിൽ ലഭിച്ചതിന്  സമാനമായതാണ് ഇതും എന്ന്  സ്പെയിനിലെ യുക്രൈൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു.

മാഡ്രിഡ്: യൂറോപ്പിലെ നിരവധി യുക്രൈൻ എംബസികളിലേക്ക് മൃഗങ്ങളുടെ കണ്ണുകൾ അടങ്ങിയ പാഴ്സലുകൾ എത്തിയതായി റിപ്പോർട്ട്.   ഈ ആഴ്ച ആദ്യം കത്ത് ബോംബുകളും ലഭിച്ചതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 

മാഡ്രിഡിലെ യുക്രൈൻ എംബസിയിലേക്ക് വെള്ളിയാഴ്ചയാണ് മൃഗങ്ങളുടെ കണ്ണുകൾ അടങ്ങിയ ഒരു പാഴ്സൽ ലഭിച്ചത്. യൂറോപ്പിലുടനീളമുള്ള എംബസികളിൽ ലഭിച്ചതിന്  സമാനമായതാണ് ഇതും എന്ന്  സ്പെയിനിലെ യുക്രൈൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച പൊലീസ് സ്പാനിഷ് തലസ്ഥാനത്തെ എംബസി പരിസരം വളയുകയും  നായ്ക്കളെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈൻ എംബസികൾക്ക് കത്ത് ബോംബുകളോ വ്യാജ ബോംബ് കത്തുകളോ പശുക്കളുടെയും പന്നികളുടെയും കണ്ണുകൾ പോലുള്ള മൃഗങ്ങളുടെ ഭാഗങ്ങൾ അടങ്ങിയ കത്തുകളോ ലഭിച്ച 17 കേസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 
പ്രത്യേക നിറവും മണവുമുള്ള ദ്രാവകത്തിൽ കുതിർത്ത പാഴ്സലുകൾ ഹംഗറി, നെതർലാൻഡ്‌സ്, പോളണ്ട്, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലെ എംബസികളിലേക്കും നേപ്പിൾസിലെയും ക്രാക്കോവിലെയും ജനറൽ കോൺസുലേറ്റുകളിലേക്കും ബ്രണോയിലെ കോൺസുലേറ്റിലേക്കും ലഭിച്ചിട്ടുണ്ടെന്ന് യുക്രൈൻ വിദേശകാര്യ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.  ഇതിലൂടെ എന്ത്പ സന്ദേശമാണ് ലഭിക്കുന്നതെന്ന് പഠിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ്  നിക്കോലെങ്കോ ഫേസ്ബുക്കിൽ ഒരു പ്രസ്താവനയിൽ കുറിച്ചു.  വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, ബന്ധപ്പെട്ട എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിട്ടിട്ടുണ്ട്. 
 
വത്തിക്കാനിലെ യുക്രൈൻ അംബാസഡറുടെ വസതിയുടെ പ്രവേശന കവാടം തകർത്തതായും കസാക്കിസ്ഥാനിലെ എംബസിയെക്കുറിച്ച് തെറ്റായ ബോംബ് ഭീഷണി ലഭിച്ചതായും യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. മാഡ്രിഡിലെ യുക്രൈൻ എംബസി, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, മാഡ്രിഡിലെ യുഎസ് എംബസി എന്നിവയുൾപ്പടെ സ്‌പെയിനിലെ വിലാസങ്ങളിലേക്ക് കഴിഞ്ഞ ആഴ്‌ച  ആറ് കത്ത് ബോംബുകൾ ലഭിച്ച പശ്ചാത്തലത്തിൽ  സ്പെയിൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Read Also: ആദ്യത്തെ എസ്എംഎസിന് 30 വയസ്; ചരിത്രമിങ്ങനെ, വർത്തമാനവും അറിയാം

 

click me!