ആളുകളെ വെടിവച്ചു കൊലപ്പെടുത്തിയതിന് പുറമെ അക്രമികൾ വീടുകളും കടകളും വാഹനങ്ങളും പൂർണ്ണമായി തീയിട്ട് നശിപ്പിച്ചു. നിരവധി മൃതദേഹങ്ങൾ ബെന്യൂ നദിയിൽ നിന്നാണ് കണ്ടെത്തിയത്.
അബുജ: നൈജീരിയിയൽ 62 പേരെ കൊള്ളസംഘം വെടിവച്ചു കൊന്നു. വടക്ക് കിഴക്കൻ നൈജീരിയയിൽ ആണ് സംഭവം. ബിന്നാരി വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. 52 പേർക്ക് പരിക്കെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ മൃതദേഹങ്ങളുണ്ടെന്നും പരിശോധന തുടരുകയാണെന്നും പ്രാദേശിക ഭരണകൂടം വിശദമാക്കി. നൈജീരിയയുടെ വടക്കൻ മേഖലകളിൽ സായുധ കൊള്ളസംഘങ്ങളുടെ ആക്രമം പതിവായിരിക്കുകയാണ്. താരാബ സംസ്ഥാനത്തിലെ കരിം ലാമിഡോ പ്രാദേശിക ഭരണകൂടത്തിന്റെ അധികാര മേഖലയിലാണ് അക്രമം ഉണ്ടായത്. ആളുകളെ വെടിവച്ചു കൊലപ്പെടുത്തിയത് കൂടാതെ അക്രമികൾ വീടുകളും കടകളും വാഹനങ്ങളും ഭക്ഷ്യ വസ്തുക്കളും തീയിട്ട് നശിപ്പിച്ചതായാണ് ആംനെസ്റ്റി ഇൻറർനാഷണൽ വിശദമാക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കൊല്ലപ്പെട്ടവരിൽ ബഹുഭൂരിപക്ഷം പേരെയും അഗ്നിക്കിരയാക്കിയതിനാൽ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണെന്നും ആംനെസ്റ്റി ഇൻറർനാഷണൽ നൈജീരിയ വ്യക്തമാക്കി. നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ 15 പേരുടെ മൃതദേഹം ബെന്യൂ നദിയിൽ നിന്നാണ് കണ്ടെത്തിയത്. ഗ്രാമവാസികളെ നദിക്കരയിലേക്ക് കൂട്ടമായി ഓടിച്ച ശേഷമായിരുന്നു അക്രമം എന്നാണ് നിരീക്ഷിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ മാത്രം 60 മുതൽ 80 പേരെയാണ് മേഖലയിൽ തട്ടിക്കൊണ്ട് പോയത്. അതിന് മുൻപ് മുസ്ലിം ആരാധനാലയത്തിലേക്ക് ആയുധധാരികൾ ഇരച്ച് കയറി 32 പേരിലേറെപ്പേരെയാണ് ആയുധാരികൾ കൊലപ്പെടുത്തിയത്.






