
ഹൂസ്റ്റൺ: വീടുകളുടെ വാതിലിൽ കോളിംഗ് ബെൽ അടിച്ച് ഓടുന്ന പ്രാങ്ക് ചെയ്യുന്നതിനിടെ 11കാരൻ വെടിയേറ്റു കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണിലാണ് സംഭവം. അയൽവാസിയുടെ വീട്ടിലെ ഡോർബെൽ അടിച്ചതിന് ശേഷം ഓടുന്നതിനിടയിൽ 11കാരന് വെടിയേൽക്കുകയായിരുന്നു. ഹൂസ്റ്റണിലെ ഈസ്റ്റ്സൈഡ് മേഖലയിൽ സുഹൃത്തുക്കൾക്കൊപ്പം പ്രാങ്ക് വീഡിയോ ചെയ്യുകയായിരുന്ന 11കാരന് നിരവധി തവണ വെടിയേറ്റതായാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ച 11കാരന്റെയെ വെടിയുതിർത്ത ആളുടെയോ പേരോ മറ്റ് വിവരങ്ങളോ ഹൂസ്റ്റൺ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ മധ്യവയസ്കനായ യുവാവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് നിരവധി ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡോർബെൽ അടിച്ചതിന് ശേഷം വീടിന് മുന്നിൽ നിന്ന് ഓടിമാറുന്നതിന് മുൻപ് 11കാരന് വെടിയേൽക്കുകയായിരുന്നു. വീടിന്റെ കോർട്ട്യാർഡിൽ 11കാരൻ എത്തുമ്പോഴേയ്ക്കും വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.
വീട്ടിൽ താമസിച്ചിരുന്ന ആളെ വിലങ്ങ് അണിയിച്ച് പൊലീസ് കൊണ്ടുപോകുന്നത് കണ്ടുവെന്നുമാണ് അയൽവാസികൾ വിശദമാക്കുന്നത്. 11കാരന്റെ പുറത്തായിരുന്നു ഒന്നിലേറെ തവണ വെടിയേറ്റത്. നേരത്തെ 2023ലും ഈ പ്രാങ്ക് ആളുകളുടെ ജീവനെടുത്തിരുന്നു. അന്ന് കാലിഫോർണിയയിൽ വീട്ടിലെ കോളിംഗ് ബെല്ല് അടിച്ച് ഓടിയ കൗമാരക്കാരിലെ മൂന്ന് പേരെയാണ് വീട്ടുടമ വെടിവച്ച് വീഴ്ത്തിയത്. വിർജീനിയയിലും സമാന സംഭവം നടന്നിരുന്നു. വെളുപ്പിനെ 3 മണിക്ക് കോളിംഗ് ബെൽ അടിച്ച് ഓടിയ കൗമാരക്കാരനാണ് വിർജീനിയയിൽ കൊല്ലപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം