
മനാമ: വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രശസ്ത പ്രീമിയം വിമാനക്കമ്പനിയായ 'ബിഓണ്ട്' ബഹ്‌റൈനിൽ സർവീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ബിഓണ്ടും ബഹ്‌റൈൻ സർക്കാരും ഒപ്പുവെച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 1,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ബിഓണ്ട് സർവീസ് നടത്തുക.
1,200 ഉയർന്ന വൈദഗ്ധ്യമുള്ള നേരിട്ടുള്ള ജോലികൾക്ക് പുറമെ, ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളിലായി 6,000-ത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കും. ആദ്യ അഞ്ച് വർഷത്തിനുള്ളിൽ ബഹ്‌റൈന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് ഏകദേശം 1.2 മുതൽ 1.5 ബില്യൺ ഡോളർ വരെ സംഭാവന നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030-ഓടെ പത്തോളം വിമാനങ്ങൾ ബഹ്‌റൈൻ കേന്ദ്രീകരിച്ച് സർവീസ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചായിരിക്കും വിമാനത്തിന്റെ പ്രവർത്തനങ്ങളും യാത്രക്കാരുടെ സേവനങ്ങളും ഏകോപിപ്പിക്കുക. പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ എന്നിവർക്കായി അത്യാധുനിക പരിശീലന പരിപാടികളും സിമുലേറ്റർ സൗകര്യങ്ങളും ബഹ്‌റൈനിൽ ഒരുക്കും. ഇതോടെ വ്യോമയാന മേഖലയിലെ ഒരു പ്രധാന പരിശീലന കേന്ദ്രമായി ബഹ്‌റൈൻ മാറും.
ലക്ഷ്വറി യാത്രാ സൗകര്യങ്ങൾക്ക് ഗൾഫ് മേഖലയിൽ വലിയ ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബിഓണ്ടിന്റെ ഈ നീക്കം. നേരത്തെ സൗദി അറേബ്യയിലും സർവീസ് ആരംഭിക്കാനുള്ള നടപടികൾ കമ്പനി തുടങ്ങിയിരുന്നു. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030-ന്റെ ഭാഗമായി സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഈ പദ്ധതി പ്രയോജനപ്പെടും. ബഹ്‌റൈനിലെ ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫയും ബിഓണ്ട് സിഇഒ ടെറോ തസ്‌കിലയും ഈ പദ്ധതിയിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam