ഇന്ത്യയിലെ വാക്സിനേഷനല്ല പ്രശ്നം, പ്രശ്നം വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടെന്ന് ബ്രിട്ടന്‍

By Web TeamFirst Published Sep 23, 2021, 7:03 AM IST
Highlights

ഇന്ത്യ നല്‍കിയ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വറന്‍റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ നിലപാട്. 

ലണ്ടന്‍: ഇന്ത്യന്‍ വാക്സിന്‍ അംഗീകരിക്കാത്ത യുകെ നിലപാട് സമ്മര്‍ദ്ദത്താല്‍ തിരുത്തിയെങ്കിലും. തങ്ങളുടെ നിലപാടില്‍ വിശദീകരണം നല്‍കി ബ്രിട്ടണ്‍. ഇന്ത്യയിലെ വാക്സിനല്ല പ്രശ്നം വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റാണ് (Vaccine Certificate)  പ്രശ്നം എന്നാണ് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേ സമയം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് ബ്രിട്ടനിലെ (UK) ഇന്ത്യന്‍ ഹൈകമ്മീഷ്ണറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ നല്‍കിയ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വറന്‍റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ നിലപാട്. ഇന്ത്യയില്‍ ഇരട്ട ഡോസ് പൂര്‍ത്തിയാക്കിയാലും യുകെയില്‍ എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വറന്‍റീന്‍ ഏര്‍പ്പെടുത്തുന്നതാണ് യുകെ യാത്രച്ചട്ടം. ഇത് ഒക്ടോബര്‍ 4 മുതലാണ് നിലവില്‍ വരുക.

ബ്രിട്ടീഷ് മനദണ്ഡ പ്രകാരം കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതിയാണ് ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ വാക്സിന്‍ എടുത്താല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ എടുത്തയാളുടെ വയസാണ് നല്‍കുന്നത്. ഇതാണ് യുകെ ഉന്നയിക്കുന്ന വിഷയം. സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ 10 ദിവസം നിര്‍ബന്ധിത ക്വറന്‍റീന്‍ ഏര്‍പ്പെടുത്തുന്നത് പിന്‍വലിക്കൂ എന്ന നിലപാടിലാണ് ബ്രിട്ടന്‍.

അതേ സമയം രണ്ട് ഡോസ് കൊവിഷീൽഡ് അംഗീകരിക്കില്ലെന്ന നിര്‍ദേശം യുകെ പിൻവലിച്ചു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് എടുത്തവരുടെ കാര്യത്തിൽ ക്വാറന്റൈൻ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!