
വാഷിങ്ടൺ : സ്കൂളിന്റെ ട്രാൻസ്ജെൻഡർ അനുകൂല കായിക നയത്തിനെതിരെ വസ്ത്രം അഴിച്ച് പ്രതിഷേധം. അമേരിക്കയിലെ മെയ്‌നിലുള്ള ഒരു സ്കൂൾ ബോർഡ് മീറ്റിംഗിനിടെയാണ് സംഭവമുണ്ടായത്. പ്രാദേശിക നേതാവായ നിക്ക് ബ്ലാഞ്ചാർഡിന്റെ നേതൃത്വത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം 3 പേരാണ് പ്രതിഷേധിച്ചത്. ട്രാൻസ്ജെൻഡർ അത്‌ലറ്റുകൾ പെൺകുട്ടികൾക്ക് ഒപ്പം വസ്ത്രം മാറുന്നതിനുള്ള സൌകര്യമടക്കം ഉപയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പെൺകുട്ടികൾ അനുഭവിക്കുന്ന പ്രയാസം ചൂണ്ടിക്കാണിക്കാനാണ് താനിത് ചെയ്യുന്നതെന്നും നിക്ക് ബ്ലാഞ്ചാർഡ് ചൂണ്ടിക്കാട്ടുന്നു.
ബ്ലാഞ്ചാർഡ് സംസാരിക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളും ഒരു പുരുഷനും വസ്ത്രങ്ങൾ ഊരി അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ചത്. 'ഈ പ്രവർത്തി ബോർഡ് മെമ്പർമാരായ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് പോലെയാണ് സ്കൂളിലെ പെൺകുട്ടികളും ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കുട്ടികൾക്ക് ഇത് എത്രത്തോളം അസ്വസ്ഥതയുണ്ടെന്ന് മനസിലാക്കിക്കാൻ വേണ്ടിയാണ് ഈ രീതിയിലുള്ള പ്രതിഷേധമെന്നും അവർ അവകാശപ്പെട്ടു. പ്രതിഷേധത്തിനെതിരെ ബോർഡ് അംഗങ്ങളിൽ ചിലർ രോഷാകുലരായപ്പോൾ മറ്റുചിലർ ശ്രദ്ധിക്കാതിരിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ ലിംഗപരമായ സ്വത്വത്തിനനുസരിച്ചുള്ള ടീമിൽ പങ്കെടുക്കാൻ അവകാശം നൽകുന്നതാണ് നിലവിലെ നയം. കടുത്ത പ്രതിഷേധത്തിന് ശേഷവും, സ്‌കൂൾ ബോർഡ് അവരുടെ നിലവിലെ നയം ഭൂരിപക്ഷ വോട്ടോടെ നിലനിർത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam