Asianet News MalayalamAsianet News Malayalam

സര്‍വകലാശാലയില്‍ ആണ്‍/പെണ്‍ കുട്ടികളെ വേര്‍തിരിച്ച മതില്‍ ചവിട്ടിപ്പൊളിച്ച് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികളെ ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന മതില്‍ ഇനി ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥികള്‍ വിളിച്ച് പറഞ്ഞു.

Students break down the wall separating boys girls in the university
Author
First Published Nov 4, 2022, 3:08 PM IST


റാനിലെ ബന്ദർ അബ്ബാസ് നഗരത്തിലെ ഹോര്‍മോസ്ഗാന്‍ സര്‍വ്വകലാശാലയില്‍ ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാനായി പണിത മതില്‍ ചവിട്ടി പൊളിച്ച് വിദ്യാര്‍ത്ഥികള്‍. രാജ്യമെമ്പാടും ശക്തമായ സ്ത്രീ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തി. ലിംഗപരമായി വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്ന മതില്‍ ചവിട്ടിപൊളിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ " സ്വാതന്ത്ര്യം" എന്ന് മുറവിളികൂട്ടി. കഴിഞ്ഞ ഒന്നരമാസമായി ഇറാനില്‍ ഏറ്റവും പ്രക്ഷോഭകര്‍ ഉറക്കെ പറയുന്ന വാക്കാണ് 'ആസാദി'. മതഭരണകൂടത്തിന്‍റെ കിരാതമായ നിയമങ്ങളില്‍ നിന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. 

സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്ന കഫറ്റീരിയയിലാണ് മതില്‍ നിര്‍മ്മിച്ചിരുന്നത്. കഫറ്റീരിയയില്‍ എത്തുന്ന പെണ്‍കുട്ടികളെയും ആണ്‍ കുട്ടികളെയും ലിംഗപരമായി വേര്‍തിരിക്കുന്നതിനാണ് ഈ മതില്‍ പണിതിരുന്നത്. വിദ്യാര്‍ത്ഥികളെ ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന മതില്‍ ഇനി ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥികള്‍ വിളിച്ച് പറഞ്ഞു. ഇറാനില്‍ കഴിഞ്ഞ ഒന്നരമാസമായി ഭരണകൂടത്തിന്‍റെ ഇസ്ലാമികവത്ക്കരണത്തിനെതിരെ ശക്തമായി പ്രക്ഷോഭം നടക്കുകയാണ്. 

 

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിന് വിധേയായതിന് പിന്നാലെ കൊല്ലപ്പെട്ട 22 വയസുകാരി മഹ്സ അമിനിയോട് ഏക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധം ഇറാനില്‍ ഒന്നര മാസത്തിന് ശേഷവും ശക്തമായി തുടരുന്നു. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും സ്ത്രീകളും പ്രതിഷേധവുമായി തെരുവില്‍ തന്നെയാണ്. മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി ആദ്യം തെരുവിലിറങ്ങിയത് സ്ത്രീകളാണ്. തെരുവില്‍ വച്ച് തങ്ങളുടെ മുടി മുറിച്ചും ഹിജാബുകളും ബുര്‍ഖകളും വലിച്ച് കീറി കത്തിച്ചും സ്ത്രീകള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. 

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപം ശക്തമായതിന് പിന്നാലെ പ്രക്ഷോഭകര്‍ക്കെതിരെ സര്‍ക്കാര്‍ ആളുകളെ അണിനിരത്തിയെങ്കിലും നാള്‍ക്കുനാള്‍ പ്രക്ഷോഭം ശക്തിപ്രാപിച്ചതേയുള്ളൂ. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ പൊലീസും സൈന്യവും രംഗത്തുണ്ട്. ഒന്നര മാസമായി ഇരുപക്ഷവും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഇതുവരെ 284 കൊല്ലപ്പെട്ടു. ഇതില്‍ 45 കുട്ടികളും 45 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തടവിലുള്ള ആയിരത്തോളം പേരെ പൊതുവിചാരണ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാനിലെ മതഭരണകൂടം. രാജ്യത്തിന് പുറത്തുള്ള  ഇറാന്‍റെ ശത്രുക്കളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് പിന്നിലെന്നാണ് ഇറാന്‍ ഭരണകൂടം ആരോപിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios