Asianet News MalayalamAsianet News Malayalam

ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പരസ്യ വിചാരണയുമായി ഇറാന്‍

പ്രക്ഷോഭത്തെ തുടര്‍ന്ന് ഏതാണ്ട് ആയിരം പേരോളം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇവരെ പരസ്യവിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Iran holds public trial to quell anti hijab protests
Author
First Published Nov 2, 2022, 1:40 PM IST


ടെഹ്റാന്‍: സെപ്തംബര്‍ 16 ന് ശരിയായി ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന 22 വയസുകാരി മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ പൗരോഹ്യത്യത്തെവരെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ അടിച്ചമര്‍ത്തല്‍ നടപടികളുമായി ഇറാന്‍ ഭരണകൂടം. പ്രധാനമായും വനിതകളാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് മുന്നിലുള്ളത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഏതാണ്ട് ആയിരം പേരോളം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇവരെ പരസ്യവിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പ്രക്ഷോഭത്തിനിടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. അതിന്‍റെ എത്രയോ ഇരട്ടി പ്രക്ഷോഭകരെയും പൊലീസും സൈന്യവും വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍, സൈനീകരെ വധിക്കുകയും പൊതുമുതല്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത പ്രക്ഷോഭകരെ പരസ്യ വിചാരണ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായി തസ്നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. പ്രക്ഷോഭം ആറാഴ്ച പിന്നീടുമ്പോഴാണ് പരസ്യ വിചാരണയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല, സര്‍ക്കാര്‍ നടപടികളാണ് പ്രക്ഷോഭം ഇത്രയും രൂക്ഷമാക്കിയതെന്നുമുള്ള ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നു. 

സ്ത്രീകൾക്ക് വേണ്ടിയുള്ള ഇറാന്‍റെ കർശനമായ വസ്ത്രനിയമം ലംഘിച്ചു എന്നാരോപിച്ചാണ് മഹ്സ അമിനിയെ കസ്റ്റഡിയിലെടുത്തത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കിയത്. പ്രതിഷേധങ്ങൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത് ഇറാന്‍റെ നിർബന്ധിത ശിരോവസ്ത്രത്തിലും ഹിജാബിലും ആയിരുന്നെങ്കിലും  1979-ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഭരണത്തിലുള്ള ഇസ്ലാമിക പൗരോഹിത്യത്തിനെതിരെയുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി അത് മാറി. “ഭരണകൂടത്തെ നേരിടാനും അട്ടിമറിക്കാനും ഉദ്ദേശിക്കുന്നവർ വിദേശികളെ ആശ്രയിക്കുന്നു. നിയമപരമായ മാനദണ്ഡങ്ങൾക്കനുസൃതമായി അവർ ശിക്ഷിക്കപ്പെടും,” ഇറാന്‍റെ ജുഡീഷ്യറി മേധാവി ഘോലം-ഹുസൈൻ മൊഹ്‌സെനി ഇജെ പറഞ്ഞു. ചില പ്രതിഷേധക്കാർക്കെതിരെ വിദേശ സർക്കാരുകളുമായി സഹകരിച്ചതിന് പ്രത്യേക കുറ്റം ചുമത്തുമെന്നും സൂചനകളുണ്ട്. ഇറാന്‍റെ വിദേശ ശത്രുക്കളാണ് അശാന്തിക്ക് കാരണമെന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും സര്‍ക്കാര്‍ ഉന്നയിച്ചു. 

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇറാന്‍റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡാണ് മുന്നിലുള്ളത്. എന്നാല്‍, ഓരോ ദിവസം കഴിയുന്തോറും സമരം കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് കാണുന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ പൊതു നിരത്തില്‍ വച്ച് തങ്ങളുടെ ബുര്‍ഖകളും ഹജാബുകളും കത്തിച്ച് കളഞ്ഞു. ചിലര്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് 45 കുട്ടികളടക്കം 284 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 45 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. എന്നാല്‍ മരണ സംഖ്യ ഇതിനും മുകളിലാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് ഗൊബാദ്‍ലൊയ്ക്ക് വധ ശിക്ഷ നല്‍കിയെന്ന വാര്‍ത്ത കോടതി നിഷേധിച്ചു. കാര്‍ നിയന്ത്രണം വിട്ട് പൊലീസുകാരനെ ഇടിക്കുകയായിരുന്നുവെന്ന് ഇയാള്‍ കോടതിയെ അറിയിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios