
ടെഹ്റാൻ: രാജ്യത്തെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം ഇറാനിൽ കൂടുതൽ ശക്തമാകുന്നു. രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിൻ്റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം വ്യാപിച്ചതോടെ ഇറാനിൽ ഇന്റർനെറ്റ് റദ്ദാക്കിക്കൊണ്ട് പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ ഉത്തരവിട്ടു.
സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയാണ് തെരുവുകൾ ജനക്കൂട്ടം കയ്യടക്കിയത്. ഏകാധിപത്യം തുലയട്ടെ, ഇസ്ലാമിക് റിപ്പബ്ലിക് തുലയട്ടെയെന്നും പ്രക്ഷോഭകാരികൾ മുദ്രാവാക്യം മുഴക്കുന്നുണ്ട്. പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്നാണ് രാജ്യത്തെ നീതിപീഠങ്ങളും പൊലീസടക്കമുള്ള സംവിധാനങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. 1979 ലെ ഇസ്ലാമിക് റവല്യൂഷനെ തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിൻ്റെ മകൻ പ്രിൻസ് റേസാ പഹ്‌ലവിയുടെ അനുയായികളും സമര രംഗത്തുണ്ട്.
അതേസമയം നേതാവില്ലാതെയാണ് പ്രക്ഷോഭം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ ഭരണകൂടം ഇതെങ്ങനെ അടിച്ചമർത്തുമെന്ന് ഉറ്റുനോക്കുകയാണ് അമേരിക്ക. പുറമെ, പ്രക്ഷോഭകാരികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും പുതിയ വിവരം അനുസരിച്ച് ദേശീയ ടെലിവിഷൻ ഓഫീസിനടക്കം സമരക്കാർ തീയിട്ടിട്ടുണ്ട്. ട്രംപിനെ പ്രീതിപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നാണ് പ്രക്ഷോഭത്തോടുള്ള അയത്തൊള്ള അലി ഖമനേയിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam