
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി അധികാരമേറ്റു. മാൻഹാട്ടനിലെ ചരിത്രപ്രസിദ്ധമായ, ഇപ്പോൾ പ്രവർത്തനത്തിലില്ലാത്ത 'ഓൾഡ് സിറ്റി ഹാൾ' സബ്‌വേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഖുറാൻ സാക്ഷിയായാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം മേയറും ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയറുമാണ് 34 വയസുകാരനായ ഈ ഡെമോക്രാറ്റിക് നേതാവ്.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മനോഹരമായ ആർച്ച് മേൽക്കൂരകളാൽ പ്രസിദ്ധമായ പഴയ സബ്‌വേ സ്റ്റേഷൻ ഈ ചരിത്ര മുഹൂർത്തത്തിന് വേദിയായി. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ഭാഗ്യവുമാണ് എന്ന് അധികാരമേറ്റ ശേഷം മംദാനി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് (പ്രാദേശിക സമയം) സിറ്റി ഹാളിൽ വെച്ച് പൊതു സത്യപ്രതിജ്ഞ നടക്കും. അമേരിക്കൻ പുരോഗമന രാഷ്ട്രീയത്തിലെ അതികായനായ സെനറ്റർ ബെർണി സാൻഡേഴ്‌സായിരിക്കും ഈ ചടങ്ങ് നിയന്ത്രിക്കുക.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ബ്രോഡ്‌വേയിലെ പ്രശസ്തമായ 'കാന്യോൺ ഓഫ് ഹീറോസിൽ' വിപുലമായ ബ്ലോക്ക് പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് കൂടി പങ്കെടുക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ന്യൂയോർക്ക് രാഷ്ട്രീയത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് മംദാനിയെ കാത്തിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ ന്യൂയോർക്കിനെ ഒരു 'സങ്കേത നഗരമായി' നിലനിർത്തുക എന്നത് അദ്ദേഹത്തിന്‍റെ വലിയ ദൗത്യമായിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam