Rapper Young Dolph | പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് വെടിയേറ്റ് കൊല്ലപ്പെട്ടു

By Web TeamFirst Published Nov 18, 2021, 11:36 AM IST
Highlights

തിങ്കളാഴ്ചയാണ് യങ് ഡോള്‍ഫ് സ്വദേശമായ മിംഫിസില്‍ എത്തിയത്. ക്യാന്‍സര്‍ രോഗബാധിതയായ തന്‍റെ ബന്ധുവിനെ സന്ദര്‍ശിക്കാനും, താങ്ക്സ് ഗിവിംഗ് ഡേ ഡിന്നറില്‍ പങ്കെടുക്കാനുമായിരുന്നു ഈ സന്ദര്‍ശനം.

മിംഫിസ്: അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് (Young Dolph) വെടിയേറ്റ് കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്‍റെ ജന്മദേശമായ മിംഫിസിലെ ഒരു കുക്കിഷോപ്പില്‍ വച്ചാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം റാപ്പ് ഗായകനെ (Rapp singer) വെടിവച്ചയാളെ പൊലീസ് പിടികൂടിയെന്നും ഇയാളുടെ വിവരങ്ങള്‍ ഒന്നും പൊലീസ് പുറത്തുവിട്ടില്ലെന്നുമാണ് വിവരം. മിംഫിസ് വിമാനതാവളത്തിന് സമീപം ഉള്ള കുക്കിഷോപ്പില്‍ വച്ചായിരുന്നു സംഭവം. യങ് ഡോള്‍ഫിന്‍റെ കാര്‍ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് യങ് ഡോള്‍ഫ് സ്വദേശമായ മിംഫിസില്‍ എത്തിയത്. ക്യാന്‍സര്‍ രോഗബാധിതയായ തന്‍റെ ബന്ധുവിനെ സന്ദര്‍ശിക്കാനും, താങ്ക്സ് ഗിവിംഗ് ഡേ ഡിന്നറില്‍ പങ്കെടുക്കാനുമായിരുന്നു ഈ സന്ദര്‍ശനം. തിങ്കളാഴ്ചയും ഇതേ കുക്കിഷോപ്പില്‍ ഡോള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു.

On the scene of a shooting on Airways. I’m hearing Memphis rapper Young Dolph may be a victim in the shooting. Shooting happened at Makeda’s Cookies. pic.twitter.com/Dw1nTcKV3C

— Jeremy Pierre FOX13 (@JeremypierreFOX)

ഇദ്ദേഹത്തിന്‍റെ ബന്ധുവായ മരീനോ മെയേര്‍സിനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്, ഡോള്‍ഫ് കടയിലേക്ക് കയറിയ ഉടന്‍ അദ്ദേഹത്തെ ചിലര്‍ വളയുകയും, വെടിവയ്ക്കുകയും ചെയ്തുവെന്നാണ്. കഴിഞ്ഞ തവണ ഈ കട സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തിന്‍റെ ഒരു പ്രമോഷന്‍ വീഡിയോ കടയുടെ നടത്തിപ്പുകാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയില്‍ ഏറെ പ്രശസ്തനാണ് യങ് ഡോള്‍ഫ്. ഇദ്ദേഹത്തിന് മുപ്പത്തിയാറ് വയസായിരുന്നു.

അക്രമണത്തിന്റെയും കുറ്റകൃത്യത്തിന്റെയും വേദന ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഡോള്‍ഫിന്‍റെ കൊലപാതകം, മിംഫിസ് മേയര്‍ ജിം സ്ട്രൈക്ക്ലാന്‍റ് പ്രസ്താവിച്ചു. അതേ സമയം വെടിവയ്പ്പിന് ശേഷം സംഭവം നടന്ന കടയ്ക്ക് മുന്നില്‍ വലിയ ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. സിറ്റി കൗണ്‍സില്‍ മിംഫിസില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ശാന്തരായി ഇരിക്കാന്‍ ആവശ്യപ്പെട്ട സിറ്റി പൊലീസ് മേധാവി, കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണം നടത്തിയില്ല. 

click me!