
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും. ഇന്ത്യയിലെ പുതിയ യുഎ സ് അംബാസഡർ സെർജിയോ ഗോറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ എന്നും അമേരിക്കയുടെ നല്ല സുഹൃത്താണെന്നും യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അവ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാർ ചർച്ചകൾ നന്നായി നടക്കുന്നു എന്നും യു എസ് അംബാസഡർ വിവരിച്ചു.
വ്യാപാര കരാറിന് പുറമെ സാങ്കേതിക മേഖലയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് സെർജിയോ ഗോർ കൂട്ടിച്ചേർത്തു. അമേരിക്കയുടെ നേതൃത്വത്തിലുള്ള 'പാക്സിലിക്ക' (Pax Silica) ഗ്രൂപ്പിൽ അടുത്ത മാസം ഇന്ത്യ പൂർണ്ണ അംഗമാകുമെന്നും ഗോർ വിവരിച്ചു. സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിട്ടിക്കൽ മിനറൽസ് എന്നിവയുടെ സുരക്ഷിതമായ സപ്ലൈ ചെയിൻ ഉറപ്പാക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ചൈനയുടെ ആഗോള സാങ്കേതിക ആധിപത്യത്തിന് വെല്ലുവിളിയാകാൻ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ ഇന്ത്യ - യു എസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യു എസ് വാണിജ്യ സെക്രട്ടറി രംഗത്തുവന്നത് വിവാദമായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യു എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വെളിപ്പെടുത്തിയത്. സംരംഭകനായ ചമത് പാലിഹാപിതിയ സംഘടിപ്പിച്ച ഓൾ - ഇൻ പോഡ്‌കാസ്റ്റിൽ ആണ് ലുട്ട്‌നിക് ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാൽ ഇന്ത്യ ഇത് തള്ളിക്കളഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam