
ഹനോയ്: ഇടതടവില്ലാതെ മഴ. വിയറ്റ്നാമിൽ മരിച്ചത് 41 പേർ. കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച മഴയാണ് വിയറ്റ്നാമിൽ നിർത്താതെ പെയ്യുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ 52000 വീടുകൾ മുങ്ങിപ്പോയി. തുടർച്ചയായ മഴയ്ക്ക് പിന്നാലെ അരലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി നിലച്ച അവസ്ഥയാണുള്ളത്. പതിനായിര കണക്കിന് ആളുകളെയാണ് പ്രളയബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മഴയുടെ തോത് 1.5 ആണ് മിക്കയിടങ്ങളിലും. 1993ലെ വെള്ളപ്പൊക്ക സമയത്തെ മഴയുടെ തോതായ 5.2 മീറ്റർ ചിലയിടങ്ങളിൽ ഇതിനോടകം അനുഭവപ്പെട്ടിട്ടുണ്ട്. രൂക്ഷമായ കാലവസ്ഥയാണ് ഈ മാസത്തിൽ വിയറ്റ്നാം നേരിട്ടുകൊണ്ടിരിക്കുന്നത്.
രണ്ട് ആഴ്ചകൾക്കുള്ളിൽ ശക്തമായ രണ്ട് കൊടുങ്കാറ്റുകളാണ് വിയറ്റ്നാമിൽ ആഞ്ഞുവീശിയത്. ബുലവോയ് കൊടുങ്കാറ്റും പിന്നാലെയെത്തിയ കൽമേഗി കൊടുങ്കാറ്റും സാരമായ നാശം വിയറ്റ്നാമിൽ വിതച്ചിരുന്നു. ഈ വർഷം ജനുവരിക്കും ഒക്ടോബറിനും ഇടയിൽ പ്രകൃതി ദുരന്തങ്ങൾ മൂലം 2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 179,249,978,000 രൂപ) നഷ്ടമാണ് വിയറ്റ്നാമിലുണ്ടാക്കിയത്. തീര ദേശനഗരങ്ങളായ ഹോയ് ആൻ, നാ ട്രാംഗ് എന്നിവിടങ്ങളിലാണ് സാരമായ നഷ്ടം നേരിട്ടിട്ടുള്ളത്. മസയോരങ്ങളിലെ കാപ്പി കൃഷിയെ താറുമാറാക്കിയാണ് കൊടും മഴ പുരോഗമിക്കുന്നത്. നേരത്തെയുണ്ടായ കൊടുങ്കാറ്റുകൾ മറ്റ് കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇതിന് പുറമേയാണ് കാപ്പി കൃഷി കൂടി നശിക്കുന്നത്.
വിയറ്റ്നാമിലെ കാപ്പി കൃഷിക്ക് മുന്നിലുള്ള ദാക്ക് ലാക്ക് മേഖലയിൽ പതിനായിരക്കണക്കിന് വീടുകളാണ് പ്രളയക്കെടുതിയിൽ മുങ്ങിയ നിലയിലുള്ളത്. റോബസ്റ്റ് കാപ്പിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉൽപാദക രാജ്യത്തിലൊന്നാണ് വിയറ്റ്നാം. ഞായറാഴ്ച വരെ ഇത്തരത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം വിശദമാക്കുന്നത്. സൈന്യം, പൊലീസ് അടക്കം വിവിധ പ്രതിരോധ സേനകളാണ് രക്ഷാപ്രവർത്തനത്തിലും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലും സജീവമായിട്ടുള്ളത്. മണ്ണിടിച്ചിലുകൾ റോഡുകളേയും ദേശീയ പാതകളേയും മൂടിയതിന് പിന്നാലെ മഴ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് വിയറ്റ്നാം.
പ്രശസ്തമായ വിനോദസഞ്ചാര നഗരമായ ഡാ ലാറ്റിലേക്കുള്ള പ്രധാന പ്രവേശന പാതയായ മിമോസ പാസിന്റെ ഒരു ഭാഗം മലയിടുക്കിലേക്ക് ഇടിഞ്ഞതിനെ തുടർന്ന് ഇവിടേക്കുള്ള ഗതാഗതം പൂർണ്ണമായും നിർത്തി വച്ചിരിക്കുകയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന വീടുകളുടെ മേൽക്കൂരകളിലും മറ്റുമായി അഭയം തേടി കയറി നിൽക്കുന്ന ആളുകളുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.