പുതുതായി പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണം. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ വഴിയാണ് ട്രംപിനെ പരിചയപ്പെട്ടതെന്നും, കൗമാരക്കാരിയായിരിക്കുമ്പോൾ അദ്ദേഹം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഒരു സ്ത്രീ എഫ്ബിഐക്ക് മൊഴി നൽകി.
വാഷിംഗ്ടൺ: പുതിയതായി പുറത്ത് വന്ന എപ്സ്റ്റീൻ ഫയലുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങൾ. യുഎസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ട എഫ്ബിഐ രേഖകളിൽ ഒരു സ്ത്രീ എപ്സ്റ്റീനും ട്രംപിനുമെതിരെ നടത്തിയ ആരോപണങ്ങളാണുള്ളത്. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ വഴിയാണ് താൻ ട്രംപിനെ പരിചയപ്പെട്ടതെന്നും, തുടർന്ന് അദ്ദേഹം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ മുൻപ് പുറത്തുവിട്ടപ്പോൾ അവ ഉൾപ്പെട്ടിരുന്നില്ല. ഇതോടെ യുഎസ് നീതിന്യായ വകുപ്പിന്റെ ഡാറ്റാബേസിൽ നിന്ന് രേഖകൾ കാണാതായതായെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. തുടർന്നാണ് ഇപ്പോൾ ഇത് പുറത്തുവിട്ടത്. രേഖകൾ ഡൂപ്ലിക്കേറ്റീവ് എന്ന് തെറ്റായി അടയാളപ്പെടുത്തിയത് കാരണമാണ് നേരത്തെ പുറത്ത് വിടാതിരുന്നതെന്നാണ് നീതി ന്യായ വകുപ്പിന്റെ വിശദീകരണം.
എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ച പറ്റിയോ എന്നതിനെക്കുറിച്ചും ഡെമോക്രാറ്റുകൾ അന്വേഷണം നടത്തി വരികയാണ്. 2019 ൽ എഫ്ബിഐ നടത്തിയ ഒന്നിലധികം അഭിമുഖങ്ങളുടെ വിശദാംശങ്ങളാണ് വ്യാഴാഴ്ച പുറത്തുവിട്ട രേഖകളിലുള്ളത്. തനിക്ക് 13 നും 15 നും ഇടയിൽ പ്രായമുള്ളപ്പോഴാണ് എപ്സ്റ്റീനും ട്രംപും തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി ആരോപിക്കുന്നു. 1980 കളിൽ താൻ കൗമാരക്കാരിയായിരിക്കുമ്പോൾ എപ്സ്റ്റീൻ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയത്. എപ്സ്റ്റീൻ തന്നെ ന്യൂയോർക്കിലോ ന്യൂജേഴ്സിയിലോ കൊണ്ടുപോയാണ് ട്രംപിന് പരിചയപ്പെടുത്തിയത്. ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ അദ്ദേഹത്തെ കടിച്ചതായും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.


