ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യൻ വംശജയായ യുഎസ് സൈനിക ശിൽപ ചൗധരി. ഇത്തരം പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന് ശിൽപ വീഡിയോയിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

യുഎസ് ഇസ്രയേൽ സംയുക്ത ആക്രമണത്തിനിടെ ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ഇറാൻ, യുഎസിനു ഇസ്രയേലിനുമെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ച് വിട്ടത്. സമാധാന ചർച്ചകൾക്കിടെ നടത്തിയ ആക്രമണം ലേകമെങ്ങും പ്രതിഷേധമുയർത്തി. അതിന്‍റെ അലയൊലികൾ ഇന്ത്യയിലുമുണ്ടായി. ഇന്ത്യയിലെ ഷിയാ മുസ്ലിംങ്ങളുടെ പ്രതിഷേധങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടെ ഇന്ത്യയിലെ പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യുഎസ് സേനയിലെ സൈനികയായ ഇന്ത്യൻ വംശജയായ ശിൽപ ചൗധരി പങ്കുവച്ച വീഡിയോ വൈറലായി. ഇത്തരം പ്രതിഷേധങ്ങൾ പ്രാദേശിക ജീവിതത്തെ തടസ്സപ്പെടുത്തുകയും രാജ്യത്തിന്‍റെ ആഗോള പ്രശസ്തിക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ശിൽപ ചൗധരി ആരോപിച്ചു.

പ്രതിഷേധം പ്രാദേശിക ജീവിതത്തെ തടസ്സപ്പെടുത്തുന്നു

38-ാം വയസ്സിൽ യുഎസ് സൈന്യത്തിൽ ചേർന്നതിലൂടെ സമഹ മാധ്യമങ്ങളിൽ പ്രശസ്തയാണ് ശില്പ. മൂന്ന് കുട്ടികളുടെ അമ്മയും യുഎസ് ആർമിയിൽ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ (സിബിആർഎൻ) സ്പെഷ്യലിസ്റ്റുമാണ് ശില്പ. യുഎസ് സൈനിക വേഷത്തിൽ ശില്പ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇറനെതിരെയുള്ള യുദ്ധത്തിൽ ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിൽ ഉയരുന്ന ആഭ്യന്തര പ്രതിഷേധങ്ങൾ ഇന്ത്യയെ ലോകമെമ്പാടുമുള്ള പരിഹസിക്കുന്നതിന് കാരണമാകുമെന്നാണ് ശില്പയുടെ ആരോപണം. ഇന്ത്യയിൽ പലരും അനുഭവിക്കുന്ന മതപരമായ മുറിവുകൾ അംഗീകരിക്കുമ്പോൾ തന്നെ, പ്രാദേശിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങളുടെ പ്രയോജനത്തെ ശില്പ ചോദ്യം ചെയ്യുന്നു.

View post on Instagram

ഞാൻ മുസ്ലീം വിരുദ്ധയല്ലെന്ന് അവകാശപ്പെട്ട ശില്പ ഹിന്ദുവായാലും മുസ്ലീമായാലും ഏത് വിശ്വാസത്തിലെയും തീവ്രവാദത്തെ തന്‍റെ വീഡിയോയിൽ എതിർത്തു. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ ഇന്ത്യയുടെ അന്താരാഷ്ട്ര നിലയെ എങ്ങനെ ബാധിക്കുമെന്നതിലാണ് തന്‍റെ ആശങ്കയെന്നും അവർ പറയുന്നു. ഒപ്പം അവർ ഇത്തരം പ്രതിഷേധങ്ങളുടെ യുക്തിയെ ചോദ്യം ചെയ്തു. ആയിരക്കണക്കിന് മൈലുകൾ അകലെ നടന്ന ഒരു കാര്യത്തിന് സംസ്ഥാന സർക്കാറുകളോട് നടപടി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ശില്പയുടെ ചോദ്യം. ലോകമെമ്പാടും ഇന്ത്യയെ വളരെ ആദരവോടെയാണ് കാണുന്നതെന്നും ആ ബഹുമാനം തകർക്കാൻ അനുവദിക്കരുതെന്നു പറഞ്ഞ ശില്പ, നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ സ്നേഹിക്കാനും ഉപദേശിച്ചു. ആറരലക്ഷത്തിലേറെ പേരാണ് ശില്പയുടെ വീഡിയോ കണ്ടത്.

പ്രതിഷേധിച്ചും അഭിനന്ദിച്ചു കുറിപ്പുകൾ

ശില്പയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ യുഎസിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആദ്യം അവസാനിക്കാൻ പറയുമോയെന്ന് ചിലർ ചോദിച്ചു. യുഎസ് ഇറാനിലെ കൊന്ന് തള്ളിയ 165 കുട്ടികൾക്ക് വേണ്ടി പ്രതിഷേധിക്കാൻ പറ്റുമോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. ട്രംപിനെതിരെ യുഎസ് സെനറ്റിൽ ഉയരുന്ന പ്രതിഷേധങ്ങളെ കുറിച്ചായിരുന്നു മറ്റ് ചിലരുടെ ചോദ്യം. ഇന്ത്യയിൽ ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം നിലനിൽക്കുന്നുവെന്ന് മറ്റ് ചില‍ർ ചൂണ്ടിക്കാട്ടി. അതേസമയം ശില്പയുടെ അഭിപ്രായത്തെ അഭിനന്ദിച്ചും ചില‍ർ കുറിപ്പുകളെഴുതി.