10 ദിവസം കൂടെ യുദ്ധം തുടർന്നാൽ, യുഎസിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്ന റിപ്പോർട്ട് പുറത്ത്, കൂസലില്ലാതെ ട്രംപ്, അതീവ ഗുരുതര സാഹചര്യം

Published : Mar 04, 2026, 10:53 AM IST
donald trump

Synopsis

ഇറാനുമായുള്ള സംഘർഷം രൂക്ഷമായാൽ പത്തു ദിവസത്തിനുള്ളിൽ അമേരിക്കയുടെ അത്യാധുനിക മിസൈൽ ശേഖരം തീരുമെന്ന് പെന്റഗൺ റിപ്പോർട്ട്. അനന്തമായ ആയുധശേഖരമുണ്ടെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും കനത്ത വില നൽകേണ്ടിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ അതീവ ഗുരുതരമായി തുടരുന്നതിനിടെ, യുഎസ് പ്രതിരോധ കേന്ദ്രമായ പെന്‍റഗണിൽ നിന്ന് ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. വരും ദിവസങ്ങളിലും ഇത്തരത്തിൽ ശക്തമായ ആക്രമണം തുടരുകയാണെങ്കിൽ അമേരിക്കയുടെ പക്കലുള്ള അത്യാധുനിക മിസൈലുകളുടെ ശേഖരം പത്തു ദിവസത്തിനുള്ളിൽ തീരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യം വെച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ട സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യയിലുടനീളം യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇറാന്‍റെ തിരിച്ചടി ഭയന്ന് ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇപ്പോൾ കനത്ത നിരീക്ഷണത്തിലാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ബില്യൺ കണക്കിന് ഡോളർ അധികമായി ചെലവാക്കേണ്ടി വരുമെന്ന് പെന്‍റഗൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ആയുധശേഖരത്തിന്‍റെ കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നാണ് ട്രംപിന്റെ നിലപാട്. തങ്ങളുടെ പക്കൽ 'അനന്തമായ' ആയുധശേഖരമുണ്ടെന്നും എത്രകാലം വേണമെങ്കിലും യുദ്ധം തുടരാൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ യുദ്ധം നീണ്ടുപോയാൽ സാമ്പത്തികമായും സൈനികമായും അമേരിക്ക വലിയ വില നൽകേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റൂബിയോ പറയുന്നത്

മിസൈൽ പ്രതിരോധ സംവിധാനങ്ങളായ 'താഡ്', കടലിൽ നിന്ന് തൊടുക്കാവുന്ന എസ്എം-3 മിസൈലുകൾ എന്നിവയുടെ കുറവാണ് അമേരിക്കയെ പ്രധാനമായും അലട്ടുന്നത്. ഇറാൻ പ്രതിമാസം നൂറിലധികം മിസൈലുകൾ നിർമ്മിക്കുമ്പോൾ അമേരിക്കയ്ക്ക് കേവലം ഏഴോ എട്ടോ ഇന്‍റർസെപ്റ്റർ മിസൈലുകൾ മാത്രമേ നിർമ്മിക്കാൻ സാധിക്കുന്നുള്ളൂ എന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുന്നു. യുക്രെയ്ൻ, ഇസ്രായേൽ തുടങ്ങിയ സഖ്യകക്ഷികൾക്ക് വലിയ തോതിൽ ആയുധങ്ങൾ നൽകിയത് അമേരിക്കയുടെ സ്വന്തം കരുത്തിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

യുദ്ധത്തിന്‍റെ സാമ്പത്തിക വശവും ഞെട്ടിക്കുന്നതാണ്. ആദ്യ 24 മണിക്കൂറിൽ മാത്രം ഏതാണ്ട് 6,900 കോടി രൂപയാണ് അമേരിക്ക ചെലവിട്ടത്. യുദ്ധം ആഴ്ചകളോളം നീണ്ടുപോയാൽ ഇത് 210 ബില്യൺ ഡോളർ വരെ ഉയർന്നേക്കാം. വിമാനവാഹിനിക്കപ്പലുകളുടെ പരിപാലനവും മിസൈലുകളുടെ പുനർനിർമ്മാണവും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ബാധ്യതയാകുമെന്ന് ഉറപ്പാണ്. പശ്ചിമേഷ്യയിലെ ഈ അസ്ഥിരത ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിർത്താതെ 'റോറിംഗ് ലയൺ'; ഇറാനിലും ലെബനനിലും ഒരുപോലെ ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും
അഞ്ച് അതിർത്തി പോസ്റ്റുകൾ തിരികെ പിടിച്ചെന്ന് താലിബാൻ, പിൻമാറിയതെന്ന് പാക് സൈന്യം