
കീവ്: ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് പോളണ്ട് അതിർത്തിയിലെത്തിയ ( Poland Ukraine Border) മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. കൊടും തണുപ്പിൽ കിലോമീറ്ററുകളോളം നടന്നെത്തിയവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ലെന്നും അതിർത്തിയിൽ ഇന്ത്യൻ എംബസി അധികൃതരില്ലെന്നും മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം നടന്നെത്തിയ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥി സംഘങ്ങളാണ് അതിർത്തി കടക്കാനാകാതെ കുടുങ്ങിയത്. അതിർത്തിയിൽ എത്തി നാല് മണിക്കൂറായിട്ടും എംബസി അധികൃതർ ആരും സ്ഥലത്തെത്തിയിട്ടില്ലെന്നും മലയാളിയായ അനന്തനാരായണൻ വിശദീകരിച്ചു.
"
"
'12 മണിക്കൂറോളമെടുത്താണ് ഇവിടേക്ക് നടന്നെത്തിയത്. മെനസ് നാല് ആണ് അതിർത്തി പ്രദേശങ്ങളിലെ താപനില. തണുപ്പിന്റേയും മണിക്കൂറുകളോളം നടന്നതിന്റെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. 12 മണിക്കൂറിലേറെയായി ആഹാരം കഴിച്ചിട്ടില്ല. പെൺകുട്ടികളിൽ ചിലർ തളർന്ന് വീണു. എംബസി അധികൃതരെ ബന്ധപ്പെടാനാകുന്നില്ല. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുകയോ മെസേജുകൾക്ക് മറുപടി നൽകുകയോ ചെയ്യുന്നില്ല. അതിർത്തിയിൽ എത്തിക്കഴിഞ്ഞാൽ എംബസി അധികൃതർ കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടാണെത്തിയത്. എന്നാൽ അതിർത്തിയിൽ എംബസി അധികൃതരില്ലെന്നും സാഹചര്യം വലിയ മോശമാണെന്നും അനന്തനാരായണൻ പറഞ്ഞു.
അതിർത്തിയിൽ സ്ഥിതി വളരെ മോശമാണെന്ന് മലയാളി വിദ്യാർത്ഥിയായ ശ്രീലക്ഷ്മിയും വിശദീകരിക്കുന്നു. പോളണ്ട് അതിർത്തിക്ക് അഞ്ച് കിലോമീറ്റർ അകലയാണ് ശ്രീലക്ഷ്മിയും സംഘവുമുള്ളത്. 24 കിലോമീറ്ററോളം നടന്നുകഴിഞ്ഞു. ഇനിയും 5 കിലോമീറ്ററുകളോളം എടുത്താലാണ് അതിർത്തിയിലെത്താനാകുക. ആരോഗ്യ പ്രശ്നങ്ങളുണ്ട്. ആഹാരമില്ലാതെ തണുത്ത് വിറച്ച് വഴിയിലിരിക്കുകയാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഞങ്ങൾക്ക് മുന്നേ അവിടെയെത്തിയവരും അതിർത്തി കടന്നിട്ടില്ല. തിരിച്ച് പോകാനാണ് പലരും പറയുന്നത്. 21 അംഗ സംഘമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് പലതായി പിരിഞ്ഞു. അഞ്ച് പെൺകുട്ടികളുടെ സംഘമാണ് ഇപ്പോൾ തങ്ങളുടേത്. വഴിയറിയാത്ത സ്ഥലത്ത് ഗൈഡ് പോലും ഇല്ലാതെയാണ് യാത്ര ചെയ്യുന്നത്. ഭക്ഷണമില്ലാതെ നടന്ന് പെൺകുട്ടികൾ തളർന്ന് വീഴുകയാണെന്നും ശ്രീലക്ഷ്മി പറയുന്നു.
"
അതേ സമയം, വിദ്യാർത്ഥികൾ ഒന്നിച്ച് പോളണ്ട് അതിർത്തിയിൽ എത്തുന്നത് ഒഴിവാക്കണമെന്നാണ് ഇപ്പോൾ പോളണ്ടിലെ ഇന്ത്യൻ എംബസി അധികൃതർ ആവശ്യപ്പെടുന്നത്. അതിർത്തിയിലെ രണ്ടു പോയിൻറുകൾ വഴിയേ ഇന്ത്യക്കാർക്ക് കടക്കാൻ അനുവാദമുള്ളു. സുരക്ഷിതമെങ്കിൽ തല്ക്കാലം താമസസ്ഥലങ്ങളിൽ തുടരണം. രാത്രിയിൽ അതിർത്തിയിൽ എത്തുന്നത് ഒഴിവാക്കണമെന്നും എംബസി നിർദ്ദേശിക്കുന്നു.