അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി വ്ലാദിമിർ സെലൻസ്കി ചര്‍ച്ച നടത്തി. ഇരു നേതാക്കളും 40 മിനുട്ടോളം ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കീവ്: യുക്രൈന്‍ (Ukraine) തലസ്ഥാനമായ കീവില്‍ (Keiv) തന്നെയുണ്ടെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി (volodymyr zelensky). നേരത്തെ പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്നപേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.
അതേ സമയം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി വ്ലാദിമിർ സെലൻസ്കി ചര്‍ച്ച നടത്തി. ഇരു നേതാക്കളും 40 മിനുട്ടോളം ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയോട് ചര്‍ച്ച വേളയില്‍ യുക്രൈന്‍ പ്രസിഡന്‍റ് വീണ്ടും സൈനിക സഹായം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടുതല്‍ ഉപരോധം ആവശ്യമാണെന്നും വ്ലാദിമിർ സെലൻസ്കി പറഞ്ഞു.
നേരത്തെ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ട് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയുമെന്നും ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും വ്ലാദിമിർ സെലൻസ്കി നിലപാട് വ്യക്തമാക്കിയിരുന്നു.
യുദ്ധത്തിൽ സഹായിക്കാത്ത വൻ ശക്തികൾക്കെതിരെ സെലൻസ്കി വിമർശനവും ഉന്നയിച്ചു. ഇത് യുക്രൈൻ ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായി. യുക്രൈൻ നേരിടുന്ന ഈ യുദ്ധത്തിൽ വന്‍ ശക്തികൾ കാഴ്ച്ചക്കാരായെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈൻ പ്രസിഡന്‍റ് വിമർശിച്ചു.
അതേ സമയം റഷ്യയുടെ ആക്രമണത്തെ ചെറുത്തുനിൽക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈൻ സർക്കാർ. റഷ്യൻ സേനയെ ചെറുക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത യുക്രൈൻ പ്രതിരോധ മന്ത്രാലയം സൈന്യത്തിൽ ചേരാനുള്ള നിബന്ധനകളും എടുത്തുമാറ്റി. യുക്രൈൻ പാസ്പോർട്ടുള്ള ആർക്കും സൈന്യത്തിൽ ചേരാമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രായ നിയന്ത്രണമടക്കം നീക്കിയുള്ളതാണ് സാധാരണക്കാരെ വീണ്ടും സൈന്യത്തിലേക്ക് വിളിച്ചുകൊണ്ടുള്ള നടപടി. സൈന്യത്തിന്‍റെ അറിയിപ്പ് വന്നതിന് പിന്നാലെ രാജ്യത്തിന് വേണ്ടി തോക്കെടുക്കാൻ യുവാക്കളുടെ നീണ്ട നിരയാണ് മിലിട്ടറി രജിസ്ട്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ കാണുന്നത്. യുക്രൈനിലെ റിവൈനയിൽ നിന്നുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.
Ukraine Live Updates : അമേരിക്കയോട് വീണ്ടും സൈനിക സഹായം തേടി യുക്രൈന്‍; കീവില്‍ വീണ്ടും സ്ഫോടനം...
