മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയ വീഡിയോ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. 

വാഷിംഗ്ടൺ: മുൻ പ്രസിഡന്‍റ് ബരാക് ഒബാമയെയും പ്രഥമ വനിത മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള വീഡിയോ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്. കറുത്ത വർഗ്ഗക്കാരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്ന പഴയകാല വംശീയ അധിക്ഷേപത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

2020ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഒരു ചെറിയ വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചത്. ഈ ദൃശ്യം വരുമ്പോൾ 'ദി ലയൺ സ്ലീപ്സ് ടുനൈറ്റ്' എന്ന പാട്ടിന്‍റെ തുടക്കം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ട്. ഇത് വെറുമൊരു ഇന്‍റർനെറ്റ് മീം മാത്രമാണെന്നും ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ ലയൺ കിംഗിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്. പ്രതിഷേധം വെറും വ്യാജ രോഷം ആണെന്നും അവർ ആരോപിച്ചു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതിനെ അങ്ങേയറ്റം അറപ്പുളവാക്കുന്ന പെരുമാറ്റം എന്ന് വിശേഷിപ്പിച്ചു. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിനെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള പ്രമുഖരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻപും ബരാക് ഒബാമ അറസ്റ്റ് ചെയ്യപ്പെടുന്ന രീതിയിലുള്ള എഐ വീഡിയോകളും മറ്റ് ഡെമോക്രാറ്റിക് നേതാക്കളെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ വീഡിയോ വംശീയതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.