തീവ്രവലതുപക്ഷക്കാര്‍ ഖുറാന്‍ കത്തിച്ചു: സ്വീഡനിലെ നഗരത്തില്‍ കലാപം

By Web TeamFirst Published Aug 29, 2020, 3:30 PM IST
Highlights

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം അരങ്ങേറിയത്. നേരത്തെ വെള്ളിയാഴ്ച ഡനീഷ് വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി മല്‍മോയില്‍ നടക്കേണ്ടിയിരുന്നു. 

മല്‍മോ: ദക്ഷിണ സ്വീഡനിലെ മല്‍മോയില്‍ കലാപം. തെരുവിലിറങ്ങിയ 300 പേര്‍ പൊലീസിനെതിരെ ആക്രമണം അഴിച്ചുവിടുകയും തീവയ്പ്പ് നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ സമയം എടുത്താണ് സ്ഥിതി ശാന്തമായത്. ഒരു തീവ്രവലതുപക്ഷ നേതാവിന്‍റെ റാലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയത്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം അരങ്ങേറിയത്. നേരത്തെ വെള്ളിയാഴ്ച ഡനീഷ് വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി മല്‍മോയില്‍ നടക്കേണ്ടിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഈ റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. വലതുപക്ഷ നേതാവ് റാസ്മസ് പല്വേദനെ മല്‍മോയ്ക്ക് അടുത്തുവച്ച് കസ്റ്റഡിയിലും എടുത്തു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച ചില തീവ്രവലതുപക്ഷക്കാര്‍ നഗരത്തില്‍ ഇസ്ലാം വിശുദ്ധ ഗ്രന്ഥം ഖുറാന്‍ അഗ്നിക്കിരയാക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് സ്വീഡിഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുടിയേറ്റ വിരുദ്ധ കക്ഷിയായ ഹാര്‍ഡ് ലൈന്‍ നേതാവാണ്  റാസ്മസ് പല്വേദന്‍. മുന്‍പ് തന്നെ ഇയാളുടെ സ്വീഡനിലേക്കുള്ള വരവ് സ്വീഡിഷ് അധികൃതര്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇയാള്‍ സമൂഹത്തിന് വെല്ലുവിളി ഉയര്‍ത്തിയതിനാലാണ് ഇയാളെ  റാലിക്ക് മുന്‍പേ കസ്റ്റഡിയില്‍ എടുത്തത്. 

ഇതിനെ തുടര്‍ന്ന് മാൽമോയിൽ വെള്ളിയാഴ്ച നിരവധി മുസ്ലീം വിരുദ്ധ പ്രകടനങ്ങള്‍ നടന്നെന്നാണ് ആഫ്ടോൺബ്ലാഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് ചിലര്‍ മതഗ്രന്ഥം കത്തിച്ചത്. ഒരു പബ്ലിക് സ്ക്വയറിൽ വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് മതഗ്രന്ഥത്തിന്‍റെ ഒരു കോപ്പിയിൽ തൊഴിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ഇതോടെയാണ് വൈകുന്നേരത്തോടെ വന്‍ തെരുവ് യുദ്ധമായി പരിണമിച്ചത്. റാലി നടത്തിയതിനും. തെരുവില്‍ അക്രമണം നടത്തിയതിനും നിരവധിപ്പേര്‍ പിടിയിലായി എന്നാണ് റിപ്പോര്‍ട്ട്. ഖുറാൻ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാര്‍ പ്രദേശങ്ങളിലാണ് കലാപം അരങ്ങേറിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ പ്രചരിക്കുന്നത്. അതേ സമയം ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് സ്വിഡീഷ് അധികൃതര്‍ അറിയിച്ചു.

click me!