
റിയാദ്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടുംതണുപ്പിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസവുമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. മുസ്ലിം ലീഗിന് കീഴിലുള്ള ലാഡർ ഫൗണ്ടേഷൻ നടത്തുന്ന പുതപ്പ് സമാഹരണ യജ്ഞത്തിന്റെ ഭാഗമായി 3,000 കമ്പിളി പുതപ്പുകളാണ് കെഎംസിസി നൽകിയത്. ഇതിനായി സമാഹരിച്ച 9 ലക്ഷം രൂപ സൗദി കെഎംസിസി നാഷണൽ കമ്മിറ്റിക്ക് കൈമാറി.
അവിശ്വസനീയമായ വേഗതയിലാണ് റിയാദ് കെഎംസിസി ഈ ജീവകാരുണ്യ ദൗത്യം പൂർത്തിയാക്കിയത്. വെറും ഒരാഴ്ചയ്ക്കുള്ളിലാണ് ഒമ്പത് ലക്ഷം രൂപ സമാഹരിച്ചത്. വാട്സാപ്പ് വഴി നൽകിയ ഒരൊറ്റ സന്ദേശം ഏറ്റെടുത്ത് കെഎംസിസിക്ക് കീഴിലെ വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തകരും ഈ ഉദ്യമത്തിൽ പങ്കാളികളായി.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും വലിയൊരു തുക സമാഹരിക്കാൻ സാധിച്ചത് സംഘടനയോടുള്ള പ്രവർത്തകരുടെ കൂറും സേവനതാല്പര്യവും കൊണ്ടാണെന്ന് സെൻട്രൽ കമ്മിറ്റി വ്യക്തമാക്കി. പ്രവാസലോകത്ത് ജോലി ചെയ്യുന്ന മലയാളികൾക്കിടയിൽ നിന്നുണ്ടായ ഈ വലിയ സഹായം ഉത്തരേന്ത്യയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് തണലാകുന്നത്. പദ്ധതിയുമായി സഹകരിച്ച എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവർ നന്ദി രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam