
വാഷിങ്ടണ്‍: വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. യോഗ്യതയുള്ള ഒരു നേതാവിനെ കണ്ടത്തും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരാമർശത്തിന് വിരുദ്ധമാണ് മാർക്കോ റൂബിയോയുടെ പുതിയ പരാമർശം. യുദ്ധം വെനസ്വേലയുമായല്ല, ലഹരിക്കടത്ത് സംഘങ്ങളുമായിട്ടാണെന്നും മാർക്കോ റൂബിയോ പറഞ്ഞു.
നടന്നത് അധിനിവേശമല്ലെന്നും നിയമപാലനത്തിന്റെ ഭാഗമായ നടപടി മാത്രമാണെന്നും റൂബിയോ അവകാശപ്പെട്ടു. വെനസ്വേലയുടെ അടുത്ത നീക്കമെന്താണെന്ന് നിരീക്ഷിക്കുകയാണെന്നും റൂബിയോ കൂട്ടിച്ചേർത്തു. അതിനിടെ ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു. ഒരു രാജ്യത്തിന്‍റെയും കോളനിയാകാൻ വെനസ്വേല ഇല്ലെന്ന് പറഞ്ഞ ഡെൽസി, ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചർച്ചകൾക്കില്ലെന്നും വ്യക്തമാക്കി.
എണ്ണ സമ്പന്നമായ രാജ്യത്തെ യുഎസ് താൽക്കാലികമായി 'പ്രവർത്തിപ്പിക്കും' എന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ നിലവിലെ ഉപരോധങ്ങൾ തുടരും എന്നും അതിലൂടെ ലഹരി മാഫിയക്കെതിരെ സമ്മർദം ചെലുത്തുമെന്നുമാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് മാർക്കോ റൂബിയോ വിശദീകരിച്ചു. ഇത് മിഡിൽ ഈസ്റ്റല്ലെന്നും ഇവിടെ ദൌത്യം വളരെ വ്യത്യസ്തമാണെന്നും റൂബുയോ പറഞ്ഞു. വെനസ്വേലയിൽ ദീർഘകാല ഇടപെടൽ നടത്തുമോ അമേരിക്ക എന്ന ചോദ്യം ഉയരുന്നതിനിടെയാണ് റൂബിയോ ഒരു ചാനൽ ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ നടപടികൾ വെനസ്വേലയിലെ ജനങ്ങളെ മികച്ച ഭാവിയിലേക്ക് നയിക്കുമെന്നും റൂബിയോ അവകാശപ്പെട്ടു. 'അവർ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങൾ വിലയിരുത്താൻ പോകുന്നു' എന്നാണ് യുഎസ് സൈനിക സാന്നിധ്യം തള്ളിക്കളയാതെ മാർക്കോ റൂബിയോ പറഞ്ഞത്.
ന്യൂയോർക്ക് ജയിലിൽ ജയിൽ അധികൃതർക്ക് നടുവിൽ ഇരിക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ചിത്രം പുറത്തുവന്നു. ശനിയാഴ്ച രാത്രിയിൽ നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മദൂറോയും ഭാര്യയും പിടിയിലായിരുന്നു. പതറാതെ ജയിൽ ഉദ്യോഗസ്ഥർക്ക് ഇടയിൽ ചെറുചിരിയുമായി തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മദൂറോ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. രണ്ട് പേരെയും ഡിഇഎ ഹെഡ്ക്വാട്ടേഴ്സിലും പിന്നീട് ഹെലികോപ്ടർ മാർഗം ബ്രൂക്ക്ലിനിലെ മെട്രോ പൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലും എത്തിക്കുകയായിരുന്നു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ മദൂറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് സൂചനകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam