ജർമ്മൻ ചാൻസലറുടെ സന്ദർശനത്തിനിടെ കീവിലെ പ്രധാന പാലത്തിന് നേരെ ഡ്രോൺ ആക്രമണവുമായി റഷ്യ

Published : Oct 04, 2026, 07:03 PM IST
Russia hit Kyivs Northern Bridge

Synopsis

ഡ്രോൺ റോഡിലേക്ക് പതിച്ച് വൻ തീഗോളമായി മാറുമ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്

കീവ്: ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് യുക്രെയ്ൻ സന്ദർശിക്കുന്നതിനിടയിൽ തലസ്ഥാനമായ കീവിലെ പ്രധാന പാലത്തിന് നേരെ ആക്രമണം നടത്തി റഷ്യ. യുക്രെയ്ന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി മുൻകൂട്ടി അറിയിക്കാതെ നടത്തിയ സന്ദർശനത്തിനായി മെർസ് കിവിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണമുണ്ടായത്. കീവിലെ ഡിനിപ്രോ നദിക്ക് കുറുകെയുള്ള നോർത്തേൺ ബ്രിഡ്ജ് എന്ന പ്രമുഖ പാലത്തിലാണ് റഷ്യൻ ഡ്രോൺ പതിച്ചത്. ഡ്രോൺ റോഡിലേക്ക് പതിച്ച് വൻ തീഗോളമായി മാറുമ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. നദിയുടെ ഇരുവശങ്ങളിലേക്കും ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പാലങ്ങൾക്ക് നേരെ തുടർച്ചയായി നാലാം ദിവസമാണ് റഷ്യ ആക്രമണം നടത്തുന്നത്.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി പുതിയ ജെറ്റ് അധിഷ്ഠിത ഡ്രോണുകൾ ഉപയോഗിച്ച് കിവിൽ നിരന്തരമായ ആക്രമണങ്ങൾ നടത്തുകയാണ് റഷ്യ. മേഖലയിൽ ജീവിതത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം വരുന്ന തണുപ്പുകാലത്ത് നഗരത്തിലെ വൈദ്യുതി വിതരണം പൂർണ്ണമായി നിലയ്ക്കുമോ എന്ന ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. പാലങ്ങൾ തകർന്നിട്ടില്ലെങ്കിലും തുടർച്ചയായ ആക്രമണ ഭീഷണികൾ കാരണം ഡിനിപ്രോ നദിക്ക് കുറുകെയുള്ള ആറ് റോഡ് പാലങ്ങളിൽ അഞ്ചെണ്ണത്തിലും ഗതാഗതം നിയന്ത്രിതമായാണ് നടത്തുന്നത്. ഇത് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ സംവിധാനങ്ങളും തകർക്കുന്നതിനുള്ള റഷ്യൻ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങൾ വിലയിരുത്തപ്പെടുന്നത്.

ജർമ്മൻ ചാൻസലറായി ചുമതലയേറ്റ ശേഷം മെർസിന്റെ രണ്ടാമത്തെ യുക്രെയ്ൻ സന്ദർശനമാണിത്. 2025 മേയിൽ മെർസ് അധികാരാരഭിച്ച ശേഷം, അമേരിക്കൻ സഹായത്തിൽ കുറവ് വന്നതോടെ യുക്രെയ്ന് ഏറ്റവും കൂടുതൽ സൈനിക സഹായം നൽകുന്ന രാജ്യമായി ജർമ്മനി മാറിയിരുന്നു. യുക്രെയ്ന് നൽകുന്ന സഹായങ്ങളെച്ചൊല്ലി സ്വന്തം രാജ്യത്ത് വലിയ രാഷ്ട്രീയ എതിർപ്പുകളും മെർസ് നേരിടുന്നുണ്ട്. എന്നാൽ ഈ എതിർപ്പുകൾക്കിടയിലും യുക്രെയ്നുള്ള ജർമ്മനിയുടെ പിന്തുണ ശക്തമായി തുടരുമെന്നാണ് മെർസ് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വധശിക്ഷ നടപ്പാക്കുന്നതിൽ വീഴ്ച, അമേരിക്കയിൽ രാജി പ്രഖ്യാപനവുമായി ജയിൽ മേധാവി
സഹപൈലറ്റ് പ്രാർഥിക്കണമെന്ന് പറഞ്ഞു, പിന്നാലെ തലയ്ക്ക് പിറകിൽ ശക്തമായ അടിയേറ്റു, കാഴ്ചമങ്ങി; കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം വിവരിച്ച് സ്മിത് മച്ചാർ