Russia Ukraine Crisis : ആണവ ഭീഷണിയുമായി പുടിൻ; ആണവ പ്രതിരോധ സംവിധാനത്തിന് ജാഗ്രതാ നിർദേശം

By Web TeamFirst Published Feb 27, 2022, 7:18 PM IST
Highlights

പടിഞ്ഞാറൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുടിൻ നാറ്റോ പ്രകോപിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
 

മോസ്കോ: റഷ്യൻ ആണവ പ്രതിരോധ സേനയ്ക്ക് വ്ളാദിമർ പുടിൻ (Vladimir Putin) ജാ​ഗ്രതാ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. സേനാ തലവന്മാർക്കാണ് പുടിൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുടിൻ നാറ്റോ പ്രകോപിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

Here's Putin just now ordering Russia's deterrence (nuclear) forces on "a special regime of duty" in response to foreign sanctions. It's a DEFCON situation. pic.twitter.com/Hhmq5ZAMmO

— Kevin Rothrock (@KevinRothrock)

യുക്രൈനിൽ (Ukraine)  യുദ്ധം നാലാം ദിവസവും തുടരുന്നതിനിടെ ചർച്ചയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ആണവ ഭീഷണിയുമായി പുടിൻ രം​ഗത്തെത്തിയെന്ന സൂചനകൾ വന്നിരിക്കുന്നത്. ചർച്ചയ്ക്കായി ബെലാറസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങിയതായാണ് നേരത്തെ പുറത്തുവന്ന വിവരം . റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റഷ്യയുടെ ആക്രമണത്തിന് അയവില്ലാത്തതിനാൽ ബെലൂറൂസിൽ ചർച്ചയെന്ന വാഗ്ദാനം യുക്രൈൻ വിശ്വാസത്തിലെടുത്തിരുന്നില്ല. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തിയിരുന്നു. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയിലേക്ക് ഇല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്.

യുക്രൈന്‍ നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്‍റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. 

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. കാര്‍കീവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായത്. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാർകീവിലെ ഒരു അപ്പാർട്ട്മെന്‍റിന് നേരെ റഷ്യൻ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ. 

അതേ സമയം സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് റഷ്യൻ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈൻ. റഷ്യൻ അധിനിവേശം തടയാൻ യുക്രൈന് ആയുധ പിന്തുണ നൽകുമെന്ന് കൂടുതൽ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഓസ്ട്രേലിയൻ സർക്കാർ ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.

click me!