അശ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടര്‍ നിറയെ പണവുമായെന്ന് റഷ്യന്‍ റിപ്പോര്‍ട്ട്

By Web TeamFirst Published Aug 16, 2021, 6:23 PM IST
Highlights

താലിബാനുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തുമെന്നാണ് റഷ്യയുടെ നിലപാട്. വരും നാളുകളില്‍ താലിബാന്റെ നിലപാടും രീതികളും നിരീക്ഷിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായിരുന്ന അശ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും നാല് കാറിലും നിറയെ പണവുമായിട്ടാണെന്ന് റഷ്യന്‍ എംബസി റിപ്പോര്‍ട്ട്. ഹെലികോപ്ടറില്‍ നിറയെ പണം നിറച്ചെന്നും കോപ്ടറില്‍ കൊള്ളാത്തത് ഉപേക്ഷിച്ചെന്നും ആര്‍എന്‍എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാല് കാറുകളിലും പണം നിറച്ച് അദ്ദേഹം കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അശ്‌റഫ് ഗനി എവിടെയാണെന്നത് ഇനിയും വ്യക്തമായിട്ടില്ല. താജികിസ്ഥാനില്‍ അദ്ദേഹമെത്തി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അവിടെ അദ്ദേഹത്തെ ഇറങ്ങാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഒമാനില്‍ എത്തിയ ഗനി യുസിലേക്ക് പോകുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. രാജ്യതലസ്ഥാനമായ കാബൂളില്‍ താലിബാന്‍ എത്തിയതോടെയാണ് അശ്‌റഫ് ഗനി രാജ്യം വിട്ടത്. 

താലിബാനുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തുമെന്നാണ് റഷ്യയുടെ നിലപാട്. വരും നാളുകളില്‍ താലിബാന്റെ നിലപാടും രീതികളും നിരീക്ഷിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ പണവും ഗനി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുത്തിട്ടില്ലെന്നാണ് സൂചനയെന്നും ബാക്കി വരുന്ന തുകയാണ് ഇനി പുതിയ സര്‍ക്കാറിന്റെ അടിത്തറയെന്നും വ്‌ളാദിമിര്‍ പുടിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി സാമിര്‍ കബുലോവ് വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!