Asianet News MalayalamAsianet News Malayalam

International Space Station : '550 ടണ്ണിന്റെ ബഹിരാകാശ നിലയം ഇന്ത്യയിലോ ചൈനയിലോ വീണേക്കാം'; റഷ്യന്‍ ഭീഷണി

യുക്രൈനെതിരായ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയത്.

Space Station Can Drop On India Russian Space Chief Slams US
Author
Moscow, First Published Feb 27, 2022, 8:17 AM IST

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ (Russia) സഹകരണം പുതിയ സാഹചര്യത്തില്‍ വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഓര്‍മ്മിപ്പിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി തലവന്‍. ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കും? എന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ (Roscosmos) മേധാവി ദിമിത്രി റോഗോസ് ട്വിറ്ററിലൂടെ ചോദിക്കുന്നത്. 

യുക്രൈനെതിരായ (Ukrain) റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ (US President Joe Biden) നടത്തിയത്. തുടര്‍ന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഇതിനെ പിന്തുണച്ചു. ഉപരോധങ്ങളുടെ അന്തിമ രൂപം ആയില്ലെങ്കിലും ബഹിരാകാശ ഗവേഷണ മേഖലയില്‍ വിലക്ക് വന്നാല്‍ അത് റഷ്യയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ലെ പങ്കാളിത്തത്വത്തെ ബാധിക്കും.

യുഎസ് സ്പേസ് ഏജന്‍സി നായയും റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നടത്തിപ്പിലെ പ്രധാനികള്‍. ഇപ്പോള്‍ തന്നെ നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമ്മൻ ബഹിരാകാശയാത്രികരും ബഹിരാകാശ നിലയത്തിലുണ്ട്. റഷ്യന്‍ സഹകരണം വേണ്ടെന്ന് വച്ചാല്‍ ഉള്ള സ്ഥിതി ഭീകരമായിരിക്കും എന്ന സൂചനയാണ് റഷ്യന്‍ ഏജന്‍സി മേധാവി പുതിയ പ്രസ്താവനയിലൂടെ നടത്തുന്നത്. 

‘500 ടൺ ഭാരമുള്ള ഒരു വസ്തു ഇന്ത്യയിലേക്കോ ചൈനയിലേക്കോ വീഴാനുനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാധ്യത ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ' -ദിമിത്രി റോഗോസ് ട്വിറ്ററിലൂടെ ചോദിക്കുന്നത്. ചിലപ്പോള്‍ അമേരിക്കയിലും ഐഎസ്എസ് പതിക്കാം. ‘നിരുത്തരവാദപരമായി’ പെരുമാറരുതെന്ന് യുഎസിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങളിൽ ബഹിരാകാശ മേഖലയും ഉള്‍പ്പെട്ടേക്കും എന്ന സൂചന വന്നതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. 

നിലയത്തിന്റെ സഞ്ചാരപാതയും ഇടവുമെല്ലാം നിയന്ത്രിക്കുന്നത് റഷ്യയാണെന്നും, റഷ്യയ്ക്ക് മുകളിലെ ഐഎസ്എസിന്‍റെ പാത മാറ്റിയാല്‍ അത് വലിയ പ്രശ്നം ഉണ്ടാക്കുമെന്നും റഷ്യ ഓര്‍മ്മിപ്പിക്കുന്നു. അതേ സമയം ബഹിരാകാശ സഹകരണത്തില്‍ പുതിയ ഉപരോധങ്ങള്‍ ബാധിക്കില്ലെന്നാണ് നാസ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎസ്-റഷ്യ സിവിൽ ബഹിരാകാശ സഹകരണം അനുവദിക്കുന്നത് തുടരും. മാറ്റങ്ങളൊന്നും ഇതുവരെ നിലവില്‍ വന്നിട്ടില്ല. മണപഥത്തിലും ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തനങ്ങളിലും തുടരുന്നതിന് ഏജൻസിയുടെ പിന്തുണയുണ്ടെന്നും നാസ പ്രസ്താവനയിലൂടെ അറിയിച്ചു.

അതേ സമയം നാസയുടെ പ്രസ്താവന വന്നതിന് പിന്നാലെ ഉപരോധങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്യുകയാണെന്ന് പറഞ്ഞ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ  ഒരു പത്രകുറിപ്പ് ഇറങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios