
മോസ്കോ: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിന് മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. യുഎസ് പ്രസിഡന്‍റിന്‍റെ നീക്കങ്ങൾക്ക് പിന്നിലുള്ള കാരണം മനസിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാൻ റഷ്യക്ക് കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്‍റെ 50 ദിവസത്തെ വെടിനിർത്തൽ അന്ത്യശാസനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്‍റിനെ ഇതെല്ലാം ചെയ്യാൻ എന്താണ് പ്രേരിപ്പിക്കുന്നതെന്ന് മനസിലാക്കണമെന്ന് ലാവ്റോവ് പറഞ്ഞു. പുതിയ ഉപരോധങ്ങളെ തങ്ങൾ നേരിടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ നിശ്ചിത സമയത്തിനുള്ളിൽ യുക്രൈനുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെക്കൻഡറി താരിഫുകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ ഭീഷണിയെ ലാവ്റോവ് തള്ളിക്കളഞ്ഞു.
യുക്രൈൻ യുദ്ധത്തിൽ പുടിനോടുള്ള അതൃപ്തി വർദ്ധിച്ചുവരുന്നതായി സൂചിപ്പിക്കുന്ന നിരവധി പ്രതികരണങ്ങൾക്ക് ശേഷമാണ് ട്രംപ് താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണി മുഴക്കിയത്. വെടിനിർത്തൽ ചർച്ചകൾക്ക് ശേഷവും മിസൈൽ ആക്രമണങ്ങൾ തുടരുന്നതിന് ട്രംപ് റഷ്യൻ പ്രസിഡന്‍റിനെ വിമർശിച്ചു. പുടിനിൽ താൻ അതീവ നിരാശനാണ്. അദ്ദേഹം പറയുന്നത് അർത്ഥമാക്കുന്ന ഒരാളാണെന്ന് കരുതി. അദ്ദേഹം മനോഹരമായി സംസാരിക്കും, എന്നിട്ട് രാത്രി ആളുകളെ ബോംബിട്ട് കൊല്ലം. തനിക്കിത് ഇഷ്ടമല്ലെന്ന് ട്രംപ് പറഞ്ഞു.
യുക്രൈയ്ന്‍ നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷിക്കാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് റഷ്യ, യുക്രൈനെതിരെ 'പ്രത്യേക സൈനിക പദ്ധതി' എന്ന പേരിട്ട് യുദ്ധം ആരംഭിച്ചത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു റഷ്യയുടെ വിശ്വാസം. എന്നാല്‍ ആദ്യമായി യുക്രൈയ്ന്‍റെ പ്രസിഡന്‍റായി അധികാരമേറ്റ ടിവി ഹാസ്യ നടനായ വ്ലഡിമിര്‍ സെലന്‍സ്കിയുടെ നേതൃത്വത്തില്‍ അതിശക്തമായ തിരിച്ചടിയാണ് യുക്രൈയ്ന്‍ റഷ്യയ്ക്ക് സമ്മാനിച്ചത്. യുക്രൈയ്ന്‍റെ സ്പൈഡർ വെബ് പോലുള്ള, റഷ്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച പുതിയ യുദ്ധ തന്ത്രങ്ങൾ റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു.
ഇസ്രയേല്‍ - ഇറാന്‍ യുദ്ധവും ഇസ്രയേല്‍ ഹമാസ് യുദ്ധവും ട്രംപിന്‍റെയും അമേരിക്കയുടെയും ഇടപെടലിലൂടെ വെടിനിര്‍ത്തൽ കരാറില്‍ ഒപ്പ് വയ്ക്കുന്നതിലേക്ക് എത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം റഷ്യ ഒഴിഞ്ഞ് മാറി. നിരവധി തവണ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടെങ്കിലും പുടിന്‍ തയ്യാറായില്ല. ഇതിനൊടുവിലാണ് യുക്രൈയ് ആയുധങ്ങൾ നല്‍കാനുള്ള കരാറില്‍ ട്രംപ് ഒപ്പുവച്ചത്. യുക്രൈയ്ന് നല്‍കുന്ന ആയുധങ്ങൾക്ക് പകരമായി യൂറോപ്പ് യുഎസിന് പണം നല്‍കുമെന്നും ഒപ്പം റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam