
മോസ്‌കോ: കഴിഞ്ഞയാഴ്ച മോസ്‌കോയിൽ നടന്ന റഷ്യൻ എനർജി വീക്ക് പാനലിനിടെ പ്രസിഡന്റ് വ്ലാദിമിർ പുടിനെ(putin) മനഃപൂർവം 'മാദകചേഷ്ടകൾ' (seductive tactics) കാണിച്ച് ആകർഷിക്കാൻ ശ്രമിച്ചു എന്ന ആക്ഷേപത്തിന്റെ നിഴലിൽ സിഎൻബിസിയുടെ റിപ്പോർട്ടർ ആയ ഹാഡ്ലി ഗാംബിൾ. വളരെ ആകർഷകമായ വസ്ത്രം ധരിച്ച് പുടിനെ ഇന്റർവ്യൂ ചെയ്യാനെത്തിയ ഗാംബിളിനോട് അനുകൂലമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് പുടിൻ പറഞ്ഞത്,"നിങ്ങൾക്ക് റഷ്യയുടെ ഗ്യാസ് പോളിസി മനസിലായി എന്ന് വരില്ല. കാരണം നിങ്ങൾ അതീവ സുന്ദരിയാണ്" എന്നായിരുന്നു. അവരെ സുന്ദരി എന്നും, ആകർഷക വ്യക്തിത്വത്തിന് ഉടമ എന്നുമൊക്കെ പലതവണ പുടിൻ പിന്നീടും തന്റെ സംഭാഷണത്തിൽ ഉടനീളം വിശേഷിപ്പിക്കുകയുണ്ടായി.
ഈ അഭിമുഖത്തിന് ശേഷം റഷ്യൻ മാധ്യമങ്ങൾ ഗാംബിളിന്റെ ചോദ്യങ്ങളും പുടിന്റെ ഉത്തരങ്ങളും കമ്പോടു കമ്പ് പരിശോധിച്ച് വരികൾക്കിടയിലൂടെ വായിച്ചു വിശകലനം ചെയ്യുകയുണ്ടായി. റഷ്യാസ് 60 മിനിട്ട്സ് എന്ന പരിപാടിയുടെ അവതാരക ഓൾഗ സ്കബീവ പറഞ്ഞത് , "ഗാംബിൾ ഒരു യുഎസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ആയുധമാണ്" എന്നുവരെ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിനെ തന്റെ സ്ത്രൈണസൗന്ദര്യം കാട്ടി മയക്കി, പ്രധാന നയതന്ത്ര തർക്കങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുക എന്നതായിരുന്നു ഗാംബിളിൽ നിക്ഷിപ്തമായിരുന്ന ദൗത്യം എന്നും ചില പത്രങ്ങൾ എഴുതിപ്പിടിപ്പിച്ചു. കാലിന്മേൽ കാൽ കയറ്റി വെച്ച് പുടിന്റെ മുന്നിൽ ഇരിക്കുന്ന ഗാംബിളിന്റെ ഒരു ചിത്രം ഈ ആക്ഷേപത്തോടൊപ്പം അടുത്ത ദിവസം തന്നെ കൊമെർസാൻറ് എന്ന റഷ്യൻ പത്രവും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
2019 -ൽ ഇതുപോലെ ഒരു ഉച്ചകോടിയിൽ പ്രസിഡന്റ് ട്രംപിനെ മനഃപൂർവം വഴിതെറ്റിക്കാൻ വേണ്ടി പുടിൻ ദാരിയ ബോയർസഹായ എന്ന അതിസുന്ദരിയായ ഒരു ദ്വിഭാഷിയെ കൂടെ കൂട്ടി എന്നൊരു ആക്ഷേപം മുമ്പും ഉണ്ടായ ചരിത്രമുണ്ട്.
എന്നാൽ, തനിക്കുനേരെ ഉയർന്ന ആക്ഷേപങ്ങളെല്ലാം ചിരിച്ചു തള്ളിയ ഹാഡ്ലി ഗാംബിൾ അതൊക്കെ പാപ്പരാസികൾ പറഞ്ഞുണ്ടാക്കിയ കല്ലുവെച്ച നുണകൾ മാത്രമാണ് എന്ന് പ്രതികരിച്ചു. "പത്രക്കാർ മാത്രമല്ല, എന്റെ സ്നേഹിതരും കണക്കാണ്" എന്ന കാപ്‌ഷൻ സഹിതം, ഗാംബിൾ തനിക്ക് സ്നേഹിതർ അയച്ചു നൽകിയ, പുടിന്റെ ചിത്രമുള്ള, 'ടൂ ബ്യൂട്ടിഫുൾ' എന്നെഴുതിയ കെയ്ക്കിന്റെ ചിത്രവും പങ്കുവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam