
മോസ്‌കോ : റഷ്യൻ പാർലമെന്റിന്റെ അധോസഭയാണ് ഡ്യൂമ. അതിൽ കഴിഞ്ഞ ദിവസം ഒരു ബിൽ അവതരിപ്പിക്കപ്പെട്ടു. ഈ ബിൽ നിയമമായാൽ, റഷ്യയിലെ പ്രസിഡന്റുമാർക്കും അവരുടെ കുടുംബത്തിനും ഭരണ കാലാവധി കഴിഞ്ഞാലും ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷണം കിട്ടും. കഴിഞ്ഞ ജൂലൈയിൽ വ്ലാദിമിർ പുടിൻ കൊണ്ടുവന്ന ഭരണഘടനാ പരിഷ്കാരങ്ങളുടെ കൂട്ടത്തിലാണ് ഈ ഒരു പരിഷ്‌കാരം കൂടി ഉൾപ്പെട്ടിട്ടുള്ളത്. റഷ്യൻ പാർലമെന്റിന്റെ രണ്ടു സഭകളിലും പുടിനെ പിന്തുണക്കുന്നവർക്ക് തന്നെയാണ് വ്യക്തമായ ഭൂരിപക്ഷം ഉള്ളത് എന്നതിനാൽ ഈ നിയമ ഭേദഗതി ബില്ലും പാസാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
പുട്ടിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദത്തിന്റെ കാലാവധി 2024 -ൽ പൂർത്തിയാകും എങ്കിലും, ജൂലൈയിൽ നടത്തിയ ഭേദഗതികൾ രണ്ടു വട്ടം കൂടി പ്രസിഡന്റ് പദത്തിലേറാൻ പുട്ടിനു സൗകര്യമൊരുക്കും. ഇപ്പോൾ പുടിൻ 68 വയസ്സാണ് പ്രായം. അടുത്തൊന്നും വിരമിക്കാൻ യാതൊരു ഉദ്ദേശ്യവും ഇപ്പോഴും യുവത്വം ഓരോ ചലനങ്ങളിലും നിലനിർത്തുന്ന പുടിന് ഇല്ലാത്തതുകൊണ്ട്, ഒരു പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളും ഇന്നും റഷ്യയിൽ നടക്കുന്നില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി റഷ്യയെ അടക്കി ഭരിക്കുകയാണ് പുടിൻ. ചുരുങ്ങിയത് തന്റെ 83 വയസ്സുവരെ പ്രസിഡന്റ് സ്ഥാനത്ത് പുടിൻ തന്നെ തുടരുമെന്നാണ് ഇപ്പോഴത്തെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
ആ നിലക്ക് ഇങ്ങനെ ഒരു ഇമ്മ്യൂണിറ്റി നിയമത്തിന്റെ സംരക്ഷണം പുടിന് ആവശ്യമില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശകനായ അലക്സി നവൽനി പരിഹാസരൂപേണ പറഞ്ഞത്. ഡ്യൂമയിൽ രണ്ടുവട്ടം കൂടി ചർച്ചക്കെടുത്ത ശേഷം, ഈ ബിൽ റഷ്യൻ പാർലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിൽ ചർച്ച ചെയ്ത ശേഷം നിയമമാകും.
ഈ പുതിയ ഇമ്മ്യൂണിറ്റി നിയമം പ്രകാരം, പൊലീസ് റെയ്ഡുകളിൽ നിന്നും, ചോദ്യം ചെയ്യലുകളിൽ നിന്നും, വസ്തു കണ്ടുകെട്ടലുകളിൽ നിന്നും ഒക്കെ പുടിനും കുടുംബത്തിനും സംരക്ഷണം കിട്ടും. ഇങ്ങനെ ഒരു നിയമം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതക്ക് അത്യാവശ്യമാണ് എന്നുപറഞ്ഞാണ് ഇങ്ങനെ ഒരു ബില്ലുമായി പുടിന്റെ അടുത്ത അനുയായികൾ മുന്നോട്ടു വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam