
ടെഹ്റാൻ: ഒരാഴ്ച മുമ്പ് യുഎസ് ആക്രമിച്ച ഇറാനിലെ ഫോർഡോ ആണവ സമ്പുഷ്ടീകരണ പ്ലാന്‍റിൽ പ്രവർത്തനങ്ങൾ തുടരുന്നതിന്‍റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. മാക്സർ ടെക്നോളജീസ് ഞായറാഴ്ച ശേഖരിച്ച ചിത്രങ്ങളിലാണ് ഈ വിവരങ്ങൾ. കഴിഞ്ഞയാഴ്ച ഫോർഡോ ഇന്ധന സമ്പുഷ്ടീകരണ കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിൽ തകർന്ന വെന്‍റിലേഷൻ ഷാഫ്റ്റുകൾക്കും ദ്വാരങ്ങൾക്കും സമീപം തുടർച്ചയായ പ്രവർത്തനങ്ങൾ നടക്കുന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നതായി മാക്സർ അറിയിച്ചു.
ഭൂമിക്കടിയിലുള്ള കെട്ടിടത്തിന് മുകളിലുള്ള വടക്കൻ ഷാഫ്റ്റിന് തൊട്ടടുത്ത് ഒരു എക്സ്കവേറ്ററും നിരവധി തൊഴിലാളികളും നിൽക്കുന്നതായി ചിത്രങ്ങളിൽ കാണാം. ഷാഫ്റ്റിന്‍റെ/ദ്വാരത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു ക്രെയിൻ പ്രവർത്തിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കാൻ നിർമ്മിച്ച പാതയോരത്ത് നിരവധി വാഹനങ്ങളും കാണപ്പെടുന്നുണ്ടെന്നാണ് മാക്സർ പറയുന്നത്.
ഈ മാസം ആദ്യം യുഎസ് ഇറാനിലെ ഫോർഡോ, നതാൻസ് ആണവ കേന്ദ്രങ്ങളിൽ ഒരു ഡസനിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിച്ചിരുന്നു. ഇതിനിടെ, യുഎസ് അന്തർവാഹിനിയിൽ നിന്ന് തൊടുത്ത ടോമാഹോക്ക് മിസൈലുകൾ മധ്യ ഇറാനിലെ ഇസ്ഫഹാൻ സൈറ്റിലും പതിച്ചിരുന്നു. ഫോർഡോയിലെ രണ്ട് വെന്‍റിലേഷൻ ഷാഫ്റ്റുകളെയാണ് യുഎസ് മാസിവ് ഓർഡനൻസ് പെനിട്രേറ്റർ (MOP) ബോംബുകൾ ലക്ഷ്യമിട്ടതെന്ന് ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ അറിയിച്ചിരുന്നു.
ഇതിനിടെ, ഇറാനുനേരെയുണ്ടായ യുഎസ് ആക്രമണങ്ങൾ അവരുടെ ആണവ പദ്ധതിക്ക് പൂർണ്ണമായ നാശം വരുത്തിയില്ലെന്നുള്ള വെളിപ്പെടുത്തലിൽ വലിയ ചര്‍ച്ചകൾ നടക്കുകയാണ്. ടെഹ്‌റാൻ ഏതാനും മാസങ്ങൾക്കുള്ളിൽ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് യുഎന്നിന്‍റെ ആണവ നിരീക്ഷണ വിഭാഗം മേധാവി റഫേൽ ഗ്രോസിയാണ് വെളിപ്പെടുത്തിയത്. ഇറാനിയൻ അഭിലാഷങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ട് വലിച്ചു എന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദങ്ങൾക്ക് വിരുദ്ധമായാണ് ഈ വെളിപ്പെടുത്തൽ.