ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി, 29.9 ശതമാനം വരെ നികുതി ഈടാക്കും

Published : Aug 05, 2026, 04:26 PM IST
iron pipes

Synopsis

പ്രാദേശിക വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേകതരം ഇരുമ്പ് പൈപ്പുകൾക്ക് സൗദി അറേബ്യ ആൻറി-ഡംപിങ് തീരുവ ഏർപ്പെടുത്തി. അഞ്ച് വർഷത്തേക്ക് പ്രാബല്യമുള്ള ഈ അധിക നികുതി, കുടിവെള്ളം, ഡ്രെയിനേജ് തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഡക്റ്റൈൽ അയൺ പൈപ്പുകൾക്കാണ് ബാധകമാകുന്നത്.

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക തരം ഇരുമ്പ് പൈപ്പുകൾക്ക് (കാസ്റ്റ് അയൺ, ഡക്റ്റൈൽ അയൺ) സൗദി സർക്കാർ അധിക നികുതി (ആൻറി-ഡംപിങ് തീരുവ) ഏർപ്പെടുത്തി. സൗദിയിലെ സ്വന്തം നിർമാണ കമ്പനികളെ വിപണിയിലെ അനാവശ്യ മത്സരങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി. സൗദി വാണിജ്യ മന്ത്രിയും ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡ് ചെയർമാനുമായ ഡോ. മജീദ് അൽ ഖസബിയാണ് ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.

വിദേശ രാജ്യങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ച് പ്രാദേശിക വ്യവസായങ്ങൾക്ക് തിരിച്ചടിയാകുന്ന രീതി തടയാനാണ് സാധാരണയായി ഇത്തരം ആൻറി-ഡംപിങ് നികുതി ചുമത്തുന്നത്. സൗദിയിലെ പ്രാദേശിക ഇരുമ്പ് നിർമാണ മേഖലയ്ക്ക് വിപണിയിൽ ന്യായമായ അന്തരീക്ഷം ഉറപ്പാക്കാനും അവരുടെ ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാനും ഇത് വഴിയൊരുക്കും.

കുടിവെള്ള വിതരണം, മഴവെള്ളവും അഴുക്കുവെള്ളവും ഒഴുക്കിക്കളയുന്ന ഓടകൾ, കൃഷി ആവശ്യത്തിനുള്ള ജലസേചനം, തീപിടിത്തം അണയ്ക്കുന്നതിനുള്ള ഫയർ ഫൈറ്റിങ് സംവിധാനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന പൈപ്പുകൾക്കാണ് പുതിയ നികുതി ബാധകമാകുന്നത്. 100 മില്ലീമീറ്റർ മുതൽ 1000 മില്ലീമീറ്റർ വരെ വ്യാസമുള്ളതും, കെ 9, സി ക്ലാസ് മുതൽ സി 40 വരെയുള്ള സാങ്കേതിക ഗുണനിലവാരത്തിൽ പെടുന്നതുമായ ഡക്റ്റൈൽ അയൺ പൈപ്പുകളെയാണ് ഈ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റായ ഉമ്മുൽ-ഖുറയിൽ ഈ തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ആഗസ്റ്റ് നാല് മുതൽ അടുത്ത അഞ്ച് വർഷത്തേക്കാണ് അധിക നികുതി നിലവിൽ വരുന്നത്. നിർദിഷ്ട പൈപ്പുകൾ ഇറക്കുമതി ചെയ്യുമ്പോൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) ആയിരിക്കും ഈ തുക ഈടാക്കുക. പൈപ്പ് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഡാറ്റ അനുസരിച്ച് 16.9 ശതമാനം മുതൽ 29.9 ശതമാനം വരെയായിരിക്കും അധികമായി അടയ്ക്കേണ്ടിവരുന്ന നികുതി നിരക്ക്.

സൗദിയിലെ ആഭ്യന്തര കമ്പനികൾ നൽകിയ പരാതിയെ തുടർന്ന് 2025 ജൂലൈ 23-നാണ് സൗദി സർക്കാർ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. വിപണിയിൽ അന്യായമായ വ്യാപാര രീതികൾ നടക്കുന്നുണ്ടെന്ന അന്വേഷണ റിപ്പോർട്ടിെൻറയും അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് നികുതി ഏർപ്പെടുത്താനുള്ള അന്തിമ നീക്കം. സൗദി വിപണിയിൽ ന്യായമായ കച്ചവട അന്തരീക്ഷം ഉറപ്പാക്കാനും ആഭ്യന്തര വ്യവസായങ്ങളുടെ മത്സരശേഷി വർധിപ്പിച്ച് രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകാനും ഈ നടപടി സഹായിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അൽജസീറ 'മഞ്ഞ പത്രം', നിരോധിച്ച് പാകിസ്ഥാൻ; നടപടി പാകിസ്ഥാൻ അധീന കശ്മീരിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ
ദുബായിലെ സ്ഫോടനം തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചത് 27കാരനായ മലയാളി